Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷ്ണദാസിന്റെ ജാമ്യവ്യവസ്ഥ മാറ്റില്ല: സുപ്രീം കോടതി

p-krishnadas

ന്യൂഡൽഹി∙ പാമ്പാടി നെഹ്‌റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്‌ണു പ്രണോയിയുടെ മരണവും ഷഹീർ ഷൗക്കത്തലിയെന്ന വിദ്യാർഥിക്കു മർദനമേറ്റതും സംബന്ധിച്ച കേസുകളിൽ പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്‌ണദാസ് കേരളത്തിൽ പ്രവേശിക്കരുതെന്ന മുൻ ഉത്തരവ് ഇളവു ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്‌റ്റിസ് അഭയ് മനോഹർ സാപ്രെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

ജിഷ്‌ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് ഏറ്റെടുക്കുന്നതിനെക്കുറിച്ചു നാലാഴ്‌ചയ്ക്കകം നിലപാടു വ്യക്‌തമാക്കാൻ സിബിഐയോടു കോടതി നിർദേശിച്ചു. അർബുദബാധിതയായ അമ്മയെ കാണാൻ കേരളത്തിൽ പോകാൻ അനുവദിക്കണമെന്നാണു കൃഷ്‌ണദാസിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇതിന് ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകിയാൽ പരിഗണിക്കാമെന്നു കോടതി വ്യക്‌തമാക്കി. സിബിഐ ആവശ്യപ്പെട്ടാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വാക്കാൽ പറഞ്ഞു.

ജിഷ്‌ണു പ്രണോയിയുടെ കേസ് സിബിഐക്കു വിടാനുള്ള തീരുമാനം സംബന്ധിച്ച സംസ്‌ഥാന സർക്കാരിന്റെ ഉത്തരവ് കഴിഞ്ഞ 12ന് സ്‌റ്റാൻഡിങ് കൗൺസൽ സി.കെ. ശശി സിബിഐയുടെ അഭിഭാഷകനു കൈമാറിയിരുന്നു. കേസ് ഇന്നലെ പരിഗണിക്കുമെന്ന് ഓർമിപ്പിക്കുകയും ചെയ്തു. ഇതു വ്യക്‌തമാക്കപ്പെട്ടപ്പോൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നിലപാടു പറയാൻ കോടതി നിർദേശിച്ചു. എന്നാൽ, നാലാഴ്‌ച വേണമെന്നു സിബിഐ അഭിഭാഷൻ വ്യക്‌തമാക്കി.

കൃഷ്‌ണദാസിന്റെയും നെഹ്‌റു കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്‌തിവേലിന്റെയും ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജിയാണ് ഇന്നലെ പരിഗണിച്ചത്. സർക്കാരിന്റെ ആവശ്യം നാലാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കും. അതുവരെ, കൃഷ്‌ണദാസ് കേരളത്തിൽ പ്രവേശിക്കരുതെന്ന ഉത്തരവു പ്രാബല്യത്തിൽ തുടരും.