Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുതി ബോർഡിൽ ശമ്പള വിതരണം അലങ്കോലമായി

തിരുവനന്തപുരം∙ വൈദ്യുതി ബോർഡിലെ ശമ്പള വിതരണം അലങ്കോലമായി. ചിലർക്ക് ഇന്നലെ വൈകിട്ടു വരെയും അക്കൗണ്ടിൽ ശമ്പളം വന്നില്ല. മറ്റു ചിലർക്കു രണ്ടും മൂന്നും തവണ ശമ്പളം വന്നിട്ടുണ്ട്. പിശകുകൾ പരിഹരിച്ച് ഇന്നലെ അർധരാത്രിയോടെ എല്ലാവരുടെയും അക്കൗണ്ടിൽ കൃത്യമായി ശമ്പളം എത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഇന്നു രാവിലെയോടെ പ്രശ്നത്തിനു പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്നു. ഒന്നിലധികം തവണ അക്കൗണ്ടിൽ ശമ്പളം എത്തിയവർ ഒരു ശമ്പളമേ എടുക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. ജീവനക്കാരുടെ അക്കൗണ്ടിലേക്കു കൈമാറേണ്ട തുക സംബന്ധിച്ച വിവരങ്ങൾ വൈദ്യുതി ബോർഡിൽ നിന്നു ബാങ്കിനു നൽകാൻ വൈകിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്ന് അറിയുന്നു.

വിവരങ്ങൾ വൈകിയപ്പോൾ ബാങ്ക് ഉദ്യോഗസ്ഥർ തിരക്കിട്ട് ഇലക്ട്രോണിക് ട്രാൻസ്ഫർ നടത്തുകയായിരുന്നു. ബാങ്ക് സോഫ്റ്റ്‌വെയറിന്റെ തകരാർ കൂടിയായപ്പോൾ സംഗതി ഏറെ വഷളായി. കഴിഞ്ഞ മാസവും തിരുവനന്തപുരത്ത് ചിലർക്ക് ഒന്നിലേറെ തവണ അക്കൗണ്ടിൽ ശമ്പളം എത്തിയിരുന്നു. ഈ തുക പിന്നീട് തിരിച്ചു പിടിക്കുകയായിരുന്നു.