Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊന്മുടിയിൽ ഇൻസ്റ്റിറ്റ്യൂട്ട് വരാഞ്ഞത് ബിനോയ് വിശ്വം മൂലം: മാധവൻ നായർ

10001-00000-000-02114

തിരുവനന്തപുരം∙ പൊന്മുടിയിൽ ഐഎസ്ആർഒ സ്പേസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാതെ പോയതിനു പിന്നിൽ അന്നു മന്ത്രിയായിരുന്ന ബിനോയ് വിശ്വമാണെന്നു ജി.മാധവൻ നായർ. മന്ത്രിയുടെ അനാവശ്യ പരിസ്ഥിതി പ്രേമമാണു ഗവേഷണത്തിനും മറ്റും ഏറെ സാധ്യതകളുണ്ടായിരുന്ന പൊന്മുടിയിൽ നിന്നു സ്ഥാപനം മാറ്റേണ്ടിവന്നതിനു കാരണമെന്നും അദ്ദേഹം ആരോപിച്ചു.

അഗ്നിപരീക്ഷകൾ എന്ന പേരിൽ പുറത്തിറങ്ങിയ ആത്മകഥയിലാണു വെളിപ്പെടുത്തൽ. തനിക്കെതിരായ ആൻഡ്രിക്സ് ദേവാസ് കേസിനു പിന്നിൽ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ.രാധാകൃഷ്ണനാണെന്നും പുസ്തകത്തിൽ ആരോപിക്കുന്നു. ഐഎസ്ആർഒയിൽ താൻ തുടങ്ങിവച്ച സ്വപ്നപദ്ധതികൾ പലതും രാധാകൃഷ്ണൻ അട്ടിമറിച്ചു.

കെ.രാധാകൃഷ്ണൻ ചെയർമാനായിരുന്നപ്പോൾ ജിഎസ്എൽവി വിക്ഷേപണം പരാജയപ്പെട്ടതിനെ തുടർന്നു തന്നെ അന്വേഷണ കമ്മിഷനായി നിയോഗിച്ചു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആൻഡ്രിക്സ് കേസുണ്ടായത്. വ്യക്തിവിരോധമാണു കേസിനു പിന്നിൽ. ഇതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും മാധവൻനായർ പുസ്തകത്തിൽ അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ മാധവൻനായരുടെ ആരോപണം മുൻമന്ത്രി ബിനോയ് വിശ്വം തള്ളി.

പൊന്മുടിയിലെ ഭൂമി ഇഎസ്എൽ പരിധിയിൽ വരുന്നതാണ്. നിയമപരമായി റിസർവ് വനമാണ്. അത്തരം ഭൂമി വിൽക്കാനും വാങ്ങാനും പാടില്ല. ഐഎസ്ആർഒയെപ്പോലെ മഹത്തായ സ്ഥാപനം എന്തിന് ഇടപെടുന്നു എന്നാണു ഞാൻ ചോദിച്ചത്. അത് ഇന്നും പ്രസക്തമാണ്. അതിനു പകരം വിതുരയിൽ സൗജന്യമായി സർക്കാർ ഭൂമി നൽകുകയും സ്ഥാപനം വരികയും ചെയ്തു.

പൊന്മുടിയിലെ വാങ്ങാത്ത ഭൂമിക്ക് ഐഎസ്ആർഒ നാലുകോടി രൂപ കൈമാറിയിരുന്നു. അതു തിരിച്ചുവാങ്ങാനുള്ള കടമ ഐഎസ്ആർഒ നിർവഹിച്ചില്ല. എന്തുകൊണ്ടു പണം തിരികെ വാങ്ങിയില്ല എന്നു മാധവൻ നായർ വ്യക്തമാക്കണം – അദ്ദേഹം പറഞ്ഞു. ഇതേസമയം, താൻ എപ്പോഴും കൂടിയാലോചനകളിലൂടെയാണു തീരുമാനമെടുത്തിരുന്നതെന്നും അന്നത്തെ സാഹചര്യത്തിൽ ഏറ്റവും ഉചിതമായ തീരുമാനമാണെടുത്തതെന്നും ‘മൈ ഒഡീസി’ എന്ന ആത്മകഥയിൽ ഡോ.കെ.രാധാകൃഷ്ണൻ വിശദീകരിക്കുന്നു.

മാധ്യമങ്ങളിൽ പ്രതികൂലമായ റിപ്പോർട്ടുകൾ വന്ന കാലത്തു തന്റെ തീരുമാനങ്ങളോട് എതിർപ്പുണ്ടായെന്നും ഉദ്യോഗസ്ഥർക്ക് ആത്മവീര്യം നഷ്ടപ്പെട്ടെന്നും എന്നാൽ ചെയർമാനെന്ന നിലയിൽ താനെടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നതായും ആരുടെയും പേരെടുത്തു പറയാതെ അദ്ദേഹം വ്യക്തമാക്കുന്നു.

മാധവൻ നായരെ പുസ്തകത്തിൽ ഗുരുസ്ഥാനീയനായിട്ടാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. പലവട്ടം മാധവൻ നായരുടെ പേരെടുത്തു പറയുന്നുണ്ടെങ്കിലും അതെല്ലാം നിഷ്പക്ഷമോ അനുകൂലമായോ ആണ്. അദ്ദേഹമാണ് ഐഎസ്ആർഒയിലെ ജോലിയിൽ തനിക്കു പ്രചോദനമായതെന്നും രാധാകൃഷ്ണൻ പറയുന്നു.

related stories