Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബസും ജീപ്പും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു; അപകടം കോഴിക്കോട്–വയനാട് ദേശീയപാതയിൽ

bus-accident താമരശ്ശേരിക്കു സമീപം കൈതപ്പൊയിലിലുണ്ടായ അപകടത്തിൽപ്പെട്ട കാർ നിയന്ത്രം വിട്ട് പറമ്പിലേക്ക് കൂപ്പു കുത്തിയ നിലയിൽ.

താമരശ്ശേരി ∙ കോഴിക്കോട്–വയനാട് ദേശീയപാതയിൽ കൈതപ്പൊയിൽ ഇരുമ്പുപാലം വളവിനു സമീപം ബസും ജീപ്പും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. 15 പേർക്കു പരുക്കേറ്റു. മരിച്ചവരിൽ അഞ്ചു പേരും ഒരു കുടുംബത്തിലുള്ളവരാണ്. കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര അബ്ദുറഹ്മാൻ (അറു– 63), ഭാര്യ സുബൈദ (57), മകൻ ഷാജഹാന്റെ കുട്ടി മുഹമ്മദ് നിഷാൽ (എട്ട്), ഷാജഹാന്റെ സഹോദരി സഫീനയുടെ മകൾ ഫാത്തിമ ജസ (ഒന്നര), മറ്റൊരു സഹോദരി സഫീറയുടെ മകൾ പി. ഫാത്തിമ ഹന (അഞ്ച്), ജീപ്പ് ഡ്രൈവർ വയനാട് വടുവൻചാൽ പുളിമൂട്ടിൽ മുത്തുവിന്റെ മകൻ പ്രമോദ് (30) എന്നിവരാണു മരിച്ചത്.

accident-deaths അബ്ദുറഹ്മാൻ, സുബൈദ, മുഹമ്മദ് നിഷാൽ, ഫാത്തിമ ഹന, പ്രമോദ്

ഗുരുതരമായി പരുക്കേറ്റ ഷാജഹാൻ (35), ഭാര്യ ഹസീന (30), മേലാറ്റൂർ മുഹമ്മദലി (74), മൈമൂന (58), കരുവംപൊയിൽ സഫീന (30), കദീജ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ കുന്നമംഗലം ഹാജറ (36), അമ്പായത്തോട് കിഴക്കേ മാറാട് അമ്മാളു (65), അമ്പായത്തോട് തങ്കമണി (60), പടനിലം ആമിന (60) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പകൽ ഒന്നരയോടെയായിരുന്നു അപകടം. കോഴിക്കോട്ടു നിന്നു സുൽത്താൻബത്തേരിക്കു പോവുകയായിരുന്ന രാജഹംസം എന്ന സ്വകാര്യ ബസും വയനാട് വടുവൻചാലിൽ നിന്നു വരികയായിരുന്ന ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. മുന്നിലുള്ള വാഹനത്തെ മറികടന്നെത്തിയ ജീപ്പ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നോട്ടു നീങ്ങിയ ജീപ്പ് ഇടിച്ചതിനെ തുടർന്നു പിറകിലുണ്ടായിരുന്ന കാർ‍ നിയന്ത്രണം വിട്ട് പിന്നിലുണ്ടായിരുന്ന മറ്റൊരു ബസിൽ തട്ടി റോഡിരികിലേക്കു കൂപ്പുകുത്തി.

കാറിലുണ്ടായിരുന്നവർ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരും മറ്റും ചേർന്ന് ഏറെ സാഹസപ്പെട്ടാണു പൂർണമായും തകർന്ന ജീപ്പിൽ നിന്നു മരിച്ചവരെയും പരുക്കേറ്റവരെയും പുറത്തെടുത്തത്. ഇതിൽ നാലു പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. അപകടത്തെ തുടർന്നു ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

മരിച്ച അബ്ദുറഹിമാനും കുടുംബവും വയനാട്ടിലെ വടുവൻചാലിലുള്ള ബന്ധു വീട്ടിൽ പോയി വരുമ്പോഴായിരുന്നു അപകടം. അബ്ദുറഹ്മാന്റെയും സുബൈദയുടെയും മക്കൾ: സഫീന, സഫീറ, ഷാജഹാൻ, ഷാനിർ (ദമാം). മരുമക്കൾ: മജീദ്, ഷഫീഖ് (ദുബായ്), ഹസീന. അബ്ദുറഹ്മാൻ തെങ്ങുകയറ്റത്തൊഴിലാളിയാണ്.

മരിച്ച മുഹമ്മദ് നിഷാൽ അഞ്ചേറ്റുമുക്ക് ബേസിക് ഇംഗ്ലിഷ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. മുഹമ്മദ് നിഹാൽ സഹോദരനാണ്. പി. ഫാത്തിമ ഹന കുന്നമംഗലം പടനിലം പൂതാടിയിൽ ഷഫീഖിന്റെയും സഫീറയുടെയും മകളാണ്.

അഞ്ചേറ്റുമുക്ക് ബേസിക് സ്കൂൾ യുകെജി വിദ്യാർഥിനിയാണ്. മരിച്ച വടുവൻചാൽ കടച്ചിക്കുന്ന് പുളിമൂട്ടിൽ പ്രമോദ് (33) അപകടത്തിൽപ്പെട്ട കുടുംബത്തിന്റെ വാഹനത്തിൽ കഴിഞ്ഞ നാലു വർഷമായി ഡ്രൈവറായിരുന്നു. ഭാര്യ: സനിത. മകൾ: ദേവനന്ദ.