Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുക്കിയ വേതനമില്ല: നഴ്സുമാർ മാനേജ്മെന്റുകൾക്കു നോട്ടിസ് നൽകി

nurse-syringe

കണ്ണൂർ∙ ഒരു മാസം നീണ്ടുനിന്ന സമരം വിജയിച്ചെങ്കിലും നഴ്സുമാർക്ക് ഈ മാസവും ലഭിച്ചതു പഴയ വേതനം. മുഖ്യമന്ത്രി നിയോഗിച്ച സമിതി റിപ്പോർട്ട് തയാറാക്കി നടപ്പാക്കുന്നതു വരെ ഇടക്കാലാശ്വാസം അനുവദിച്ചു വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (ഐഎൻഎ) ആശുപത്രി മാനേജ്മെന്റുകൾക്കു നോട്ടിസ് നൽകി.

ഇതേത്തുടർന്നു ജില്ലാ ലേബർ ഓഫിസർ ഏഴിനു നഴ്സുമാരുടെ സംഘടനാ പ്രതിനിധികളുമായും ആശുപത്രി മാനേജ്മെന്റുകളുമായും ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയ ജൂലൈ 20 മുതൽ ശമ്പളവർധന പ്രാബല്യത്തിൽ വരുമെന്നാണു നഴ്സുമാരെ അറിയിച്ചിരുന്നത്.

എന്നാൽ സമരത്തിനു മുൻപു ലഭിച്ച വേതനം തന്നെയാണു കഴിഞ്ഞ ദിവസങ്ങളിലായി നഴ്സുമാരുടെ അക്കൗണ്ട് വഴി വിതരണം ചെയ്തിരിക്കുന്നത്. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് 20000 രൂപ നൽകണമെന്നു തീരുമാനിച്ചിരുന്നെങ്കിലും അതും നടപ്പായില്ല.

50നു മുകളിൽ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പളസ്കെയിലിനെ കുറിച്ചു പഠിക്കാൻ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി റിപ്പോർട്ട് തയാറാക്കി നടപ്പാക്കുമ്പോഴേക്കു മാസങ്ങൾ കഴിയുമെന്നും അതുവരെ ഇടക്കാലാശ്വാസമായി 20000 രൂപ അനുവദിക്കണമെന്നുമാണു നഴ്സുമാരുടെ ആവശ്യം.

അതേസമയം നഴ്സുമാരുടെ ശമ്പളവർധനയുടെ മറവിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സാനിരക്കുകൾ ഇരട്ടിയാക്കിയിട്ടുണ്ട്. നഴ്സിങ് കെയർ അടക്കമുള്ള എല്ലാ സേവനങ്ങളുടെയും നിരക്കു കൂട്ടി.

എന്നാൽ നഴ്സുമാരുടെ വേതനത്തിന്റെ പേരിൽ രോഗികളെ പിഴിഞ്ഞിട്ടും നഴ്സുമാർക്കു വേതനം നൽകുന്നില്ലെന്നു നഴ്സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ലിബിൻ തോമസ് ആരോപിച്ചു.