Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യന്ത്രത്തകരാർ; എയർ അറേബ്യ വിമാനം തിരിച്ചിറക്കി; പക്ഷി ഇടിച്ചതെന്നു സംശയം

UK GATEWAY Representative Image

തിരുവനന്തപുരം∙ യന്ത്രത്തകരാറിനെ തുടർന്നു തിരുവനന്തപുരത്തു നിന്നു ഷാർജയിലേക്കു പുറപ്പെട്ട എയർ അറേബ്യ 445 വിമാനം തിരിച്ചിറക്കി. യാത്രക്കാർ സുരക്ഷിതരാണെന്നും തകരാർ പരിശോധിച്ചു വരികയാണെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു. 174 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു.

യാത്ര ഇന്നത്തേയ്ക്കു മാറ്റി. ഇന്നലെ വൈകിട്ട് 7.38 നാണ് വിമാനം പറന്നുയർന്നത്. 10 മിനിറ്റ് പറന്നതിനു ശേഷമാണ് യന്ത്രത്തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ വിവരമറിയിച്ചു. വിമാനം അടിയന്തരമായി തിരിച്ചിറങ്ങുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

7.58നു വിമാനം സുരക്ഷിതമായി തിരിച്ചിറക്കി യാത്രക്കാരെ മാറ്റി. തുടർന്നു നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ എൻജിൻ ഭാഗത്തു പക്ഷി ഇടിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. എന്നാൽ ഇത് വിമാനം പറന്നുയരുന്നതിനിടെ സംഭവിച്ചതാണോ എന്ന കാര്യത്തിൽ ഉറപ്പില്ല.

എൻജിനു സമീപമുള്ള ചില യന്ത്രഭാഗങ്ങൾ വളഞ്ഞിട്ടുണ്ട്. രണ്ടു സ്ഥലത്തു രക്തക്കറയും കണ്ടെത്തി. എന്നാൽ റൺവേയിൽ നടത്തിയ പരിശോധനയിൽ പക്ഷിയുടെ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. ഇന്നു രാവിലെയുള്ള വിമാനത്തിൽ ഷാർജയിൽ നിന്നുള്ള വിദഗ്ധർ എത്തി കേടുപാടുകൾ പരിഹരിക്കും.