Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ: അനധികൃത നിർമാണ പട്ടികയിൽ റവന്യു വകുപ്പും

മൂന്നാർ ∙ മൂന്നാറിലെ അനധികൃത നിർമാണങ്ങൾ സംബന്ധിച്ച് ഇടുക്കി കലക്ടർ തയാറാക്കിയ പട്ടികയിൽ റവന്യു വകുപ്പിന്റെ കെട്ടിടങ്ങളും. മൂന്നാർ മേഖലയിൽ അനധികൃതമായി നിർമിച്ച 330 കെട്ടിടങ്ങൾ സംബന്ധിച്ചു കലക്ടർ ദേശീയ ഹരിത ട്രൈബ്യൂണലിനു സമർപ്പിച്ച പട്ടികയിലാണു മൂന്നാർ ഉൾപ്പെട്ട കെഡിഎച്ച് വില്ലേജിന്റെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്.

കെഡിഎച്ച്, മൂന്നാറിന്റെ സമീപ വില്ലേജുകളായ ചിന്നക്കനാൽ ആനവിരട്ടി എന്നിവിടങ്ങളിലെ നിർമാണങ്ങളാണു പട്ടികയിൽ കൂടുതലും. ഇതിൽ 156–ാ മത്തെ പേരായിട്ടാണു കെഡിഎച്ച് വില്ലേജിന്റെ നിർമാണങ്ങളും  ഉൾപ്പെട്ടിരിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന വില്ലേജോഫിസ് കെട്ടിടം കൂടാതെ നിർമാണത്തിലിരിക്കുന്ന ക്വാർട്ടേഴ്സ് കെട്ടിടമാണു കെഡിഎച്ച് വില്ലേജിന്റെ കീഴിലുള്ളത്.

ദേവികുളം ആകാശവാണിക്കു സമീപം രണ്ടു നിലകളിലായാണ് ഈ കെട്ടിടംപണി പൂർത്തിയായി വരുന്നത്. ജില്ലാ കലക്ടറുടെ അനുമതിപത്രം ഇല്ലാതെ നിർമിച്ചതാവാം ഇതും അനധികൃത നിർമാണ പട്ടികയിൽ കടന്നുകൂടാൻ കാരണമെന്നു കരുതുന്നു. കലക്ടർ തയാറാക്കി സമർപ്പിച്ച 330 അനധികൃത നിർമാണങ്ങളിൽ ഭൂരിഭാഗവും ഗൃഹനിർമാണത്തിനെന്ന പേരിൽ നിർമാണ പെർമിറ്റ് വാങ്ങിയശേഷം ഹോംസ്റ്റേ പോലുള്ള മറ്റ് കൊമേഴ്സ്യൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവയാണ്.