Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു പെൺകുട്ടി കൂടി മരിച്ചു; കൈതപ്പൊയിൽ അപകടത്തിൽ മരണം ഒൻപതായി

adivaram-accident കൈതപ്പൊയിൽ അപകടത്തിൽ മരിച്ച ഖദീജ നിയ.

കൊടുവള്ളി ∙ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു പെൺകൂട്ടി കൂടി മരിച്ചതോടെ കൈതപ്പൊയിലിൽ ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഒൻപതായി. അപകടത്തിൽ മരിച്ച കരുവൻപൊയിൽ വടക്കേക്കര അബ്ദുറഹ്മാന്റെ പേരക്കുട്ടിയും വെണ്ണക്കോട് അബ്ദുൽമജീദിന്റെയും സഫീനയുടെയും മകളുമായ ഖദീജ നിയ(11) ആണു മരിച്ചത്. 

ഒരു കുടുംബത്തിലെ എട്ടു പേരും ജീപ്പ് ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. അബ്ദുൽമജീദ്–സഫീന ദമ്പതികളുടെ മൂന്നു മക്കളെയും വിധി കവർന്നു. ഖദീജയുടെ സഹോദരങ്ങളായ ആയിശ നുഹ(ആറ്), ജസ(ഒന്നര) എന്നിവർ നേരത്തേ മരിച്ചിരുന്നു. അബ്ദുറഹ്മാന്റെ മകൻ ഷാജഹാന്റെ രണ്ടു കുട്ടികളും ഇതേ അപകടത്തിൽ മരിച്ചിരുന്നു. 

ഷാജഹാൻ, ഭാര്യ ഹസീന, ഷാജഹാന്റെ സഹോദരി സഫീന എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ പരുക്കുകൾ ഗുരുതരമല്ല. ഖദീജ നിയയുടെ മൃതദേഹം കരുവൻപൊയിലിൽ പൊതുദർശനത്തിനു വച്ച ശേഷം വെണ്ണക്കോട് കബർസ്ഥാനിൽ കബറടക്കം നടത്തി. 

ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

അപകടത്തിൽപ്പെട്ട ബസ് ഓടിച്ച വയനാട് മീനങ്ങാടി വട്ടത്തുവയലിൽ താഴത്തു പറമ്പ് മുനീറി(36)നെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വണ്ടി ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അപകടത്തിൽപ്പെട്ട വാഹനങ്ങൾ പരിശോധിച്ചു. രാജഹംസ ബസിന്റെ ടയറുകൾ തേഞ്ഞു തീർന്നിരുന്നതായി പരിശോധനയിൽ ബോധ്യപ്പെട്ടതായി ആർടിഒ പറഞ്ഞു.

അമിത വേഗത്തിലായിരുന്ന ബസ്, ജീപ്പ് മുന്നിലെത്തിയിട്ടും നിർത്താതിരുന്നതിന്റെ പേരിലാണ് ബസ് ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തത്.