Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡിലെ ചോരക്കറ നീക്കാൻ സർക്കാർ; അപകടത്തിൽ പെടുന്നവർക്ക് 15 മിനിറ്റിനുള്ളിൽ വിദഗ്ധ ചികിൽസ

mby-accident

തിരുവനന്തപുരം∙ റോഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ സർക്കാർ ആശുപത്രികളെ ബന്ധിപ്പിച്ചു സർക്കാർ നടപ്പാക്കുന്ന അടിയന്തരചികിൽസാശൃംഖല പദ്ധതി മൂന്നു മാസത്തിനകം തുടങ്ങും. പരുക്കേറ്റവർക്കു 15 മിനിറ്റിനുള്ളിൽ വിദഗ്ധ ചികിൽസ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 35 ആശുപത്രികളിൽ ആധുനിക ചികിൽസാ സൗകര്യങ്ങളും 354 ആധുനിക ആംബുലൻസുകളും ഒരുക്കും.

180 കോടി രൂപ ചെലവിട്ടാണു പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 12 ആശുപത്രികളാണു ശൃംഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി, നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ട്രോമാകെയർ യൂണിറ്റുകളുടെ നിർമാണപ്രവർത്തനം അന്തിമഘട്ടത്തിലാണ്. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ഉൾപ്പെടെ 30 പേർ ഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പരിശീലനം പൂർത്തിയാക്കി.

അഞ്ചു വർഷംകൊണ്ടു നടപ്പാക്കേണ്ട പദ്ധതിയാണു തയാറാക്കിയിട്ടുള്ളത്. പ്രതിവർഷം ശരാശരി 4000 പേരാണ് കേരളത്തിൽ റോഡപകടങ്ങളിൽ മരിക്കുന്നത്. ഇതിൽ 1600 പേർ മരിക്കുന്നത് കൃത്യസമയത്തു വിദഗ്ധ ചികിൽസ ലഭിക്കാത്തതുകൊണ്ടാണെന്നാണു സർക്കാർ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്. അപകടത്തിൽപെട്ടവർക്കു പ്രഥമശുശ്രൂഷ നൽകാനും അതിവേഗം ആശുപത്രിയിൽ എത്തിക്കാനുമുള്ള സൗകര്യങ്ങൾ അപര്യാപ്തമാണ്. ആശുപത്രികളിലും അടിയന്തരചികിൽസയ്ക്ക് ആവശ്യമായ സംവിധാനങ്ങളില്ല.

റോഡിൽ 314 ആംബുലൻസ്; ആശുപത്രികളിൽ 40

ആശുപത്രികളിൽ അടിയന്തര ചികിൽസയ്ക്കുള്ള യൂണിറ്റുകൾ ഒരുക്കാൻ 128 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 354 ആംബുലൻസുകൾക്കായി 49 കോടി രൂപയാണു ചെലവഴിക്കുക. ഇതിൽ 314 ആംബുലൻസുകൾ കേരളത്തിലെ പ്രധാന റോഡുകളിൽ വിന്യസിക്കും. വെന്റിലേറ്റർ സൗകര്യമുള്ള 40 ആംബുലൻസുകൾ ആശുപത്രികളിൽ ലഭ്യമാക്കും.

ആംബുലൻസുകളുടെ നടത്തിപ്പിനു പ്രതിവർഷം 45 കോടി രൂപ അധികമായി അനുവദിക്കും. പദ്ധതിക്കു കേന്ദ്രസർക്കാർ 30 കോടി രൂപ സഹായം നൽകും. കേന്ദ്രസർക്കാരിന്റെ നിലവിലെ ചട്ടങ്ങൾപ്രകാരം 100 കിലോമീറ്ററിൽ ഒരു ട്രോമാ കെയർ സംവിധാനം മതി. 45 മിനിറ്റിനുള്ളിൽ രോഗികളെ ആശുപത്രികളിലെത്തിക്കണം.

എന്നാൽ, കേരളത്തിലെ നിലവിലെ അവസ്ഥയിൽ ഈ ചട്ടങ്ങൾ പ്രായോഗികമല്ലെന്നു വിലയിരുത്തിയാണ് 35 ആശുപത്രികളെ ശൃംഖലയിൽ ഉൾപ്പെടുത്തിയത്.