Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിയുടെ ഭർത്താവ് കയ്യേറ്റം ചെയ്തില്ല; പരുഷമായി പെരുമാറിയെന്നു വനിതാ പ്രവർത്തക

cpm-1

കണ്ണൂർ∙ മട്ടന്നൂർ നഗരസഭാ ചെയർമാൻ കെ.ഭാസ്കരൻ നഗരസഭാ തിരഞ്ഞെടുപ്പു ദിവസം തന്നോടു പരുഷമായി പെരുമാറിയെന്നും ഇതു തനിക്കു മനോവിഷമം ഉണ്ടാക്കിയെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ പഴശ്ശി സൗത്ത് വില്ലേജ് സെക്രട്ടറി ഷീല രാജന്റെ പത്രക്കുറിപ്പ്. ഷീല ഒപ്പിട്ട പത്രക്കുറിപ്പ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനാണു മാധ്യമങ്ങൾക്കു വിതരണം ചെയ്തത്. എന്നാൽ കയ്യേറ്റം ചെയ്തു എന്ന വാർത്ത ശരിയല്ലെന്നു കുറിപ്പിൽ പറയുന്നു.

പത്രക്കുറിപ്പിൽ നിന്ന്: ‘മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പുദിവസം പെരിഞ്ചേരി വാർഡിൽ സിപിഎം സ്ഥാനാർഥിയുടെ പോളിങ് ഏജന്റായി ഞാൻ പ്രവർത്തിച്ചിരുന്നു. എൽഡിഎഫ് പ്രവർത്തകർ ഓപ്പൺ വോട്ട് ചെയ്യുന്നതു ബൂത്തിലെ പ്രിസൈഡിങ് ഓഫിസർ തടഞ്ഞതിനെക്കുറിച്ചു പാർട്ടി നേതാവും വാർഡിലെ ചുമതലക്കാരനുമായ കെ.ഭാസ്കരനോടു പരാതിപ്പെട്ടു. തിരഞ്ഞെടുപ്പു പ്രവർത്തന പരിശോധനയുടെ ഭാഗമായി എൽഡിഎഫ് പ്രവർത്തകരുമായി സംസാരിക്കുമ്പോഴായിരുന്നു ഇത്.

അപ്പോൾ ആ കാര്യം അവിടെ കൈകാര്യം ചെയ്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ ഇടപെട്ടു വിഷയം കൈകാര്യം ചെയ്യണമെന്നാവശ്യപ്പെട്ടപ്പോൾ നീ ഇപ്പോൾ പൊയ്ക്കോളൂ എന്നു പറഞ്ഞു. അങ്ങനെ പോയാൽ പോരാ, നിങ്ങൾ ഉടൻ ഇടപെടണം എന്നാവശ്യപ്പെട്ടപ്പോൾ നിന്നോട് ഇപ്പോൾ പോകാനല്ലേ പറഞ്ഞത് എന്നു കെ.ഭാസ്കരൻ കർശനമായി പറഞ്ഞു. എന്റെ നേതാവായ അദ്ദേഹം മറ്റുള്ളവരുടെ സാന്നിധ്യത്തിൽ എന്നോട് അങ്ങനെ പറഞ്ഞപ്പോൾ എനിക്കു മനോവിഷമം തോന്നുകയും ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോരുകയും ചെയ്തു.’

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വിധത്തിലുള്ള ഒരു പ്രശ്നവും കെ.ഭാസ്കരന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അത്തരത്തിൽ ആരോടും പരാതിപ്പെട്ടിട്ടില്ല. അടിസ്ഥാനരഹിതമായി വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷീലയുടെ പത്രക്കുറിപ്പിലുണ്ട്. അതേസമയം കെ.ഭാസ്കരനെതിരെ നടപടിയെടുക്കണമെന്നു കേന്ദ്രനേതൃത്വമോ സംസ്ഥാന നേതൃത്വമോ ആവശ്യപ്പെട്ടിട്ടില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ‍ പറഞ്ഞു.

ഇതു സംബന്ധിച്ചു ജില്ലാ സെക്രട്ടറിക്കു പരാതി ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി നേതാക്കൾ എത്തുമ്പോൾ സ്വാഭാവികമായി നടക്കുന്ന കാര്യങ്ങൾ മാത്രമേ അവിടെ നടന്നിട്ടുള്ളൂവെന്നും ജയരാജൻ പറഞ്ഞു.

കെ.ഭാസ്കരനെതിരായ വാർത്ത കെട്ടിച്ചമച്ചത്: മുഖ്യമന്ത്രി

തിരുവനന്തപുരം∙ പാർട്ടി പ്രവർത്തകയായ ദലിത് യുവതിയെ മന്ത്രി കെ.കെ.ശൈലജയുടെ ഭർത്താവും മട്ടന്നൂർ നഗരസഭാ അധ്യക്ഷനുമായ കെ.ഭാസ്കരൻ മർദിച്ചെന്ന ആരോപണം വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഇതു സംബന്ധിച്ച ഒരു പരാതിയും പൊലീസിനു ലഭിച്ചിട്ടില്ല.

സിപിഎം ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും പരാതി കൊടുത്തെങ്കിലും നടപടി ഉണ്ടാകാത്തതിനാൽ കേന്ദ്ര കമ്മിറ്റിക്കു പരാതി കൊടുത്തു എന്നാണു വാർത്ത. സിപിഎം കേന്ദ്ര കമ്മിറ്റിക്കു നൽകുന്ന പരാതി ആദ്യംതന്നെ മലയാള മനോരമയ്ക്കല്ലല്ലോ ലഭിക്കുക. മട്ടന്നൂരിൽ എൽഡിഎഫിനു ലഭിച്ച അഭിമാനകരമായ ജയത്തിൽ നിന്നു ജനശ്രദ്ധ തിരിച്ചുവിടാൻ മനഃപൂർവം കെട്ടിച്ചമച്ചതാണു വാർത്തയെന്ന് ആർക്കും മനസ്സിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭർത്താവിനെതിരായ വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്നു മന്ത്രി ശൈലജ

തിരുവനന്തപുരം∙ തന്റെ ഭർത്താവ് കെ.ഭാസ്കരൻ ദലിത് യുവതിയെ മർദിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നു മന്ത്രി കെ.കെ.ശൈലജ. പാർട്ടിക്ക് അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.

മർദനമേറ്റെന്നു വാർത്തയിൽ പറയുന്ന കുട്ടി പാർട്ടി കുടുംബത്തിലെയാണ്. തങ്ങളുടെ കുടുംബവുമായി വളരെ അടുപ്പത്തിലാണ് അവർ. മർദിച്ചുവെന്ന വാർത്ത തെറ്റാണെന്ന് അവർ തന്നെ വിശദീകരിച്ചിട്ടുണ്ട്. അതു പോരെങ്കിൽ നേരിട്ടു ചോദിക്കാം. തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടിയെടുക്കും.

പാർട്ടിക്കുള്ളിൽ തനിക്കെതിരെ ഗൂഢാലോചനയില്ല. പുറത്തുനിന്നു ഗൂഢാലോചനയുണ്ടോ എന്നറിയില്ലെന്നും മന്ത്രി ശൈലജ പറഞ്ഞു.