Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു വർഷത്തിനിടെ ആദ്യമായി കായംകുളം നിലയത്തിൽ നിന്നു സംസ്ഥാനത്തിനു വൈദ്യുതി

ഹരിപ്പാട്∙ സംസ്ഥാനത്തു വൈദ്യുതി ക്ഷാമം തുടങ്ങിയതോടെ, മൂന്നു വർഷത്തിനുശേഷം ആദ്യമായി കായംകുളം താപവൈദ്യുതി നിലയത്തിൽ നിന്നു വൈദ്യുതി വാങ്ങിത്തുടങ്ങി. ഇന്നലെ 150 മെഗാവാട്ട് വൈദ്യുതിയാണു കായംകുളത്തു നിന്നു വൈദ്യുതി ബോർഡിന്റെ വിതരണ ശൃംഖലയിലേക്കു നൽകിയത്. സംസ്ഥാനത്തിനു പുറത്തു നിന്നു ലഭിക്കുന്ന വൈദ്യുതിയിൽ 150 മെഗാവാട്ടിന്റെ കുറവു വന്നതാണു കായംകുളത്ത് ഉൽപാദനം പുനരാരംഭിക്കാൻ‌ കാരണം.

പുറത്തു നിന്നുള്ള വൈദ്യുതിയുടെ വിലയും ഇപ്പോൾ കൂടുതലാണ്. മൂന്നു ദിവസത്തേക്കു വൈദ്യുതി വേണമെന്നാണു വൈദ്യുതി ബോർഡ് നിർദേശിച്ചിട്ടുള്ളത്. നിലവിൽ യൂണിറ്റിന് 7.20 രൂപ നിരക്കിലാണു കായംകുളത്തു നിന്നു വൈദ്യുതി വിൽക്കുന്നത്. സംസ്ഥാനത്തിനു 150 മെഗാവാട്ട് വൈദ്യുതി മതിയെന്നതിനാൽ നിലയം ഭാഗികമായാണു പ്രവർത്തിപ്പിക്കുന്നത്. നാഷനൽ തെർമൽ പവർ കോർപറേഷന്റെ(എൻടിപിസി) ഉടമസ്ഥതയിലുള്ള താപനിലയത്തിന്റെ ഉൽപാദന ശേഷി 350 മെഗാവാട്ടാണ്.

വില കൂടുതലായതിനാലാണു 2014 സെപ്റ്റംബർ മുതൽ വൈദ്യുതി വാങ്ങൽ നിർത്തിവച്ചത്. മുപ്പതു കോടി രൂപ ചെലവിട്ട്, നാഫ്തയ്ക്കു പുറമെ ദ്രവ പ്രകൃതിവാതകം ഉപയോഗിച്ചു പ്രവർത്തിപ്പിക്കാൻ കഴിയുംവിധം താപനിലയത്തിലെ യന്ത്രസംവിധാനത്തിൽ മാറ്റം വരുത്തിയിട്ടു രണ്ടര വർഷത്തിലേറെയായി.

എന്നാൽ, ദ്രവ പ്രകൃതിവാതകം ലഭിക്കാനുള്ള നടപടികൾ എങ്ങുമെത്താത്തതിനാലും വൈദ്യുതി ബോർഡ് പവർ പർച്ചേസ് കരാർ ഒപ്പുവയ്ക്കാത്തതിനാലും പുതിയ രീതിയിൽ പ്രവർത്തനം പരിശോധിക്കാൻ പോലും കഴിഞ്ഞിട്ടില്ല. കായംകുളം താപനിലയം വൈദ്യുതി ബോർഡ് ഏറ്റെടുക്കാനുള്ള ചർച്ച നടന്നുവരികയുമാണ്.