Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗബ്രിയേൽ ചുണ്ടനു നെഹ്റു ട്രോഫി; വിജയം സെക്കൻഡിൽ ഒരംശത്തിന്

Boat Race നീലരാവിലെ വിജയചന്ദ്രിക: നെഹ്റു ട്രോഫി വള്ളംകളിയിലെ വാശിയേറിയ ഫൈനലിൽ ഒന്നാം സ്ഥാനത്തേക്കു കുതിക്കുന്ന എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ ഗബ്രിയേൽ ചുണ്ടൻ. ഇടത്തേയറ്റത്തു മഹാദേവികാട് കാട്ടിൽ തെക്കതിൽ, തൊട്ടുവലത്ത് ഗബ്രിയേൽ ചുണ്ടൻ, മൂന്നാം ട്രാക്കിൽ പായിപ്പാട് ചുണ്ടൻ, വലത്തേയറ്റത്തു കാരിച്ചാൽ ചുണ്ടൻ എന്ന ക്രമത്തിൽ. ചിത്രം: ഇ.വി.ശ്രീകുമാർ.

ആലപ്പുഴ∙ സമയം സമയത്തോടു പോരാടിയ ഫൈനലിൽ ഗബ്രിയേൽ ചുണ്ടനു നെഹ്റു ട്രോഫി വള്ളംകളിയിൽ കന്നിവിജയത്തോടെ റെക്കോർഡ്. സമയത്തിലെ ഫോട്ടോഫിനിഷിൽ മഹാദേവികാട് കാട്ടിൽ തെക്കതിൽ ചുണ്ടനെ െസക്കൻഡിന്റെ ഒരംശത്തിനു പിന്നിലാക്കിയാണ് എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ ഗബ്രിയേൽ ചുണ്ടൻ ജലരാജാവായത്.

സ്റ്റാർട്ടിങ് പോയിന്റിലെ തർക്കം മൂലം മണിക്കൂറുകൾ വൈകി രാത്രിയിലേക്കു നീണ്ട ഫൈനലിലാണു ഗബ്രിയേൽ ചുണ്ടന്റെ വിജയം. കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടൻ ചുണ്ടൻ മൂന്നാമതെത്തിയപ്പോൾ നിലവിലെ ചാംപ്യന്മാരായ കാരിച്ചാൽ നാലാമതായി. കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ്ബാണു മഹാദേവികാട് കാട്ടിൽ തെക്കതിൽ ചുണ്ടൻ തുഴഞ്ഞത്. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റേതായിരുന്നു കാരിച്ചാൽ ചുണ്ടൻ. 4.17.42 മിനിറ്റിൽ ഗബ്രിയേൽ ഫിനിഷ് ചെയ്തു. 4.17.72 മിനിറ്റിൽ മഹാദേവികാട് കാട്ടിൽ തെക്കതിലും 4.17.99 മിനിറ്റിൽ പായിപ്പാടും 4.19.00 മിനിറ്റിൽ കാരിച്ചാലും ഫിനിഷ് ചെയ്തു.

ഉടമകളിൽ ഒരാൾ കൂടിയായ ഉമ്മൻ ജേക്കബ്ബാണു ഗബ്രിയേൽ ചുണ്ടന്റെ ക്യാപ്റ്റൻ. അൻപത്തിമൂന്നേകാൽ കോൽ നീളമുള്ള ചുണ്ടൻ കഴിഞ്ഞ വർഷമാണു നീറ്റിലിറക്കിയത്. യുബിസി കൈനകരിയുടെ കരുത്തിൽ കഴിഞ്ഞ വർഷവും ഫൈനലിൽ രണ്ടാമതെത്തി. ഇക്കുറി 92 തുഴക്കാരും ഒൻപതു നിലക്കാരും അഞ്ചു അമരക്കാരും വിജയത്തുഴയെറിഞ്ഞു.

ഈ വർഷം ഏർപ്പെടുത്തിയ സ്റ്റാർട്ടിങ് സംവിധാനം ഹീറ്റ്സിൽ തന്നെ അപാകത കാണിച്ചതോടെ പരമ്പരാഗത രീതിയിലാണു മത്സരം തുടങ്ങിയത്. സ്റ്റാർ‌ട്ടിങ് പോയിന്റിൽ വള്ളങ്ങളെ അണിനിരത്തുന്നതു പലവട്ടം തർക്കത്തിനിടയായി. തർക്കം രൂക്ഷമായതോടെ ഫൈനൽ ഏഴു മണിയോടെയാണ് ആരംഭിച്ചത്.

നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി ഡോ. ടി.എം.തോമസ് ഐസക്് അധ്യക്ഷത വഹിച്ചു. മന്ത്രി തോമസ് ചാണ്ടി മാസ് ഡ്രിൽ ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ.ചന്ദ്രശേഖരൻ സുവനീർ പ്രകാശനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാധ്യമ അവാർഡുകൾ വിതരണം ചെയ്തു. മന്ത്രിമാരായ ജി.സുധാകരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കലക്ടർ വീണ എൻ.മാധവൻ എന്നിവർ പ്രസംഗിച്ചു. ജമ്മു കശ്മീർ ധനമന്ത്രി ഹസീഫ് അഹമ്മദ് ദ്രാബു വിശിഷ്ടാതിഥിയായി.

gabriel-Chundan നെഹ്റു ട്രോഫി വള്ളംകളിയിൽ വിജയിച്ച ഗബ്രിയേൽ ചുണ്ടന്റെ ഹീറ്റ്സിലെ വിജയനിമിഷം. ചിത്രം: മനോരമ.

ഇരുളുംവരെ കാത്തിരുന്ന് കലാശക്കൊട്ട്; ആറിത്തണുത്ത് ആവേശം

ആലപ്പുഴ ∙ തെളിഞ്ഞ ആകാശവും നിറഞ്ഞ കാണികളും പകർന്ന ആവേശത്തോടെ വള്ളംകളിയുടെ സമാപനത്തിനായി നെഹ്റു പവിലിയനിൽ കാത്തിരുന്ന വിശിഷ്ടാതിഥികൾ ഉൾപ്പെടെയുള്ളവർ ഫൈനൽ വൈകിയതോടെ നിരാശയിലായി. ഹീറ്റ്സുകളിൽ ഉയർന്ന ആവേശം ഫൈനലിൽ കൊട്ടിക്കയറുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. അതിനാൽ മേളവും താളവുമിട്ടു കാത്തിരിക്കുകയായിരുന്നു ഏവരും. 

സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ വിശിഷ്ടാതിഥികളോടു മന്ത്രിമാരായ തോമസ് ഐസക്കും ജി.സുധാകരനും വള്ളംകളിയുടെ തുടക്കത്തിൽ അഭിമാനപൂർവം സംസാരിക്കുന്നതു കാണാമായിരുന്നു. പ്രത്യേകിച്ചും ജമ്മു കശ്മീർ ധനമന്ത്രി ഹസീഫ് അഹമ്മദ് ദ്രാബു ഉൾപ്പെടെയുള്ളവർ വള്ളംകളിയുടെ പ്രത്യേകത ചോദിച്ചു മനസിലാക്കുന്നുണ്ടായിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമലയ്ക്കും കൊച്ചുമകനുമൊപ്പമാണു വള്ളംകളി കാണാൻ എത്തിയത്. എന്നാൽ മറ്റു പരിപാടികളിൽ പങ്കെടുക്കാനുള്ളതിനാൽ ചുണ്ടൻ വള്ളങ്ങളുടെ രണ്ടു ഹീറ്റ്സുകൾ കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി മടങ്ങി. എന്നാൽ മറ്റു വിശിഷ്ടാതിഥികൾ ആവേശത്തോടെ കാത്തിരുന്നു.

സ്റ്റാർട്ടിങ് വൈകിയതോടെ എല്ലാവരുടെയും മുഖത്തു നിരാശയായി. വടക്കുഭാഗത്തെ സ്റ്റാർട്ടിങ് പോയന്റിൽ നിന്നു വള്ളങ്ങൾ കുതിച്ചുവരുന്നതു നോക്കി മന്ത്രിമാരും എംഎൽഎമാരും വിവിധ വിശിഷ്ടാതിഥികളും ഉൾപ്പെടെയുള്ളവർ ദീർഘനേരം കാത്തിരുന്നു നിരാശരായി. ൈഫനൽ വൈകിയതോടെ ആവേശം സന്ധ്യയ്ക്കൊപ്പം ആറിത്തണത്തു. മന്ത്രിമാർ ഉൾപ്പെടെ വിശിഷ്ടാതിഥികളിൽ പലരും വേദിവിട്ടിറങ്ങി. പവിലിയനിൽ നിന്നു കാഴ്ചക്കാരും നിരാശരായി മടങ്ങിത്തുടങ്ങി. വിഐപി പവിലിയനിൽ നിന്നിറങ്ങി മന്ത്രി തോമസ് ഐസക് സ്റ്റാർട്ടിങ് പോയിന്റിലേക്കു തർക്കം പരിഹരിക്കാനായി കുതിച്ചു.

മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ ദീർഘനേരം നിരാശരായി വേദിയിലിരുന്നു. സ്റ്റാർട്ടിങ് പോയിന്റിൽ തർക്കവും സംഘർഷവും നടക്കുന്നുവെന്ന വാർത്ത പ്രധാനവേദിയിലും ആശങ്ക പടർത്തി. പലരും വേദി വിട്ടിറങ്ങുകയും ചെയ്തു. ഇതിനിടെ ഇരുൾ പരന്നതോടെ മൊബൈലിൽ ടോർച്ച് തെളിച്ചു എല്ലാവരും വീശിയതും കൗതുകകാഴ്ചയായി.

മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കാളികളായി. ഒടുവിൽ കനത്ത ഇരുട്ടിന്റെ മറവിലാണു ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ നടന്നത്. ഇരുട്ടുവരെ കാത്തിരുന്നവർക്കു വള്ളങ്ങളുടെ ഫിനിഷിങ് വേണ്ടവിധം കാണാനായതുമില്ല. സമ്മാനദാനം ഉൾപ്പെടെയുള്ള ചടങ്ങുകളുടെ പ്രഭയും മൽസരം വൈകിയതു മൂലം മങ്ങി.