Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഞ്ചോടിഞ്ച് കൈക്കരുത്തും തുഴക്കരുത്തും; നെഹ്റു ട്രോഫി ഫൈനലിൽ തീപാറുന്ന പോരാട്ടം

ആലപ്പുഴ ∙ നടുഭാഗം ചുണ്ടനു പകരം പായിപ്പാടൻ ചുണ്ടൻ വന്നതൊഴിച്ചാൽ ഫൈനലിലെ താരങ്ങൾക്ക് ഒരു വർഷത്തിനു ശേഷവും മാറ്റമില്ല. ഇരുളു പരന്ന പുന്നമടക്കായലിൽ ഫിനിഷിങ് പോയിന്റിലെ അരണ്ട വെളിച്ചത്തിലേക്ക് എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ ഗബ്രിയേൽ ചുണ്ടൻ കുത്തിത്തുഴ‍ഞ്ഞെത്തിയപ്പോൾ നിമിഷാർധത്തിന്റെ വ്യത്യാസത്തിൽ പരാജയപ്പെടുത്തിയതു കഴിഞ്ഞതവണ ഇതേ ചുണ്ടനിൽ രണ്ടാം സ്ഥാനത്തെത്തിയ യുബിസി കൈനകരിയെയാണ്.

ഫൈനൽ ഒറ്റനോട്ടത്തിൽ വമ്പന്മാരുടെ പോരാട്ടം തന്നെ. തുടർച്ചയായ രണ്ടാം വിജയപ്രതീക്ഷയിൽ തുഴഞ്ഞ, ഏറ്റവും കൂടുതൽ തവണ നെഹ്റു ട്രോഫി നേടിയ കാരിച്ചാൽ. മഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടനിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ തവണ നെഹ്റു ട്രോഫി നേടിയ കൈനകരി യുബിസി ടീം.

ഏറ്റവുമൊടുവിൽ ഹാട്രിക് നേടിയ പായിപ്പാടൻ ചുണ്ടനുമായി ഹാട്രിക് കിരീട നേട്ടം ലക്ഷ്യമിട്ടെത്തിയ വേമ്പനാട് ബോട്ട് ക്ലബ്. അക്കൂട്ടത്തിലാണ് ആലപ്പുഴ, കോട്ടയം ജില്ലകൾ കുത്തകപോലെ സ്വന്തമാക്കുന്ന നെഹ്റു ട്രോഫി എറണാകുളം ജില്ലയിലേക്കു വീണ്ടും കൊണ്ടുപോകുകയെന്ന ലക്ഷ്യവുമായി തുരുത്തിപ്പുറം ബോട്ട് ക്ലബ് ഗബ്രിയേൽ ചുണ്ടൻ എത്തിയത്.

∙ നിർണായകമായി സെക്കൻഡുകൾ

സമയം അടിസ്ഥാനമാക്കി വിജയികളെ പ്രഖ്യാപിക്കാൻ തുടങ്ങിയശേഷം ഫൈനലിൽ ഏറ്റവും മികച്ച സമയം കുറിച്ചത് ഇത്തവണയാണ്. ഫൈനലിലെത്തിയ എല്ലാ ടീമും ഒന്നിനൊന്നു വേഗം തുഴഞ്ഞപ്പോൾ സെക്കൻഡിന്റെ ചെറിയൊരംശം വ്യത്യാസത്തിലാണ് ആദ്യ രണ്ടു ടീമുകൾ ഫിനിഷ് ചെയ്തത്. ഓരോ സെക്കൻഡിന്റെ വ്യത്യാസത്തിൽ അടുത്ത രണ്ടു ടീമുകളും ഫിനിഷ് ചെയ്തു. നാലു മിനിറ്റ് 20 സെക്കൻഡിനുള്ളിൽ ഫൈനൽ സമാപിച്ചു. കഴിഞ്ഞ തവണ വിജയിച്ച ടീം തുഴഞ്ഞെത്തിയതു നാലു മിനിറ്റ് 22 സെക്കൻഡ് സമയമെടുത്താണ്.

അതേസമയം, ഇത്തവണ നെഹ്റു ട്രോഫിയിലെ ഏറ്റവും മികച്ച സമയം കുറിച്ചതു ഹീറ്റ്സിലാണ്, വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ നാലു മിനിറ്റ് 14.82 സെക്കൻഡ് സമയത്തിനുള്ളിൽ ഫിനിഷ് ചെയ്തപ്പോൾ പിന്നിലായതു കഴിഞ്ഞവർഷം കാരിച്ചാൽ ഹീറ്റ്സിൽ നാലു മിനിറ്റ് 15.1 സെക്കൻഡ് കൊണ്ട് ഫിനിഷ് ചെയ്തതിന്റെ ചരിത്രമാണ്.

∙ സമയത്തിനു മുൻപേ പറന്നു ചുണ്ടനുകൾ

ചുണ്ടൻ ഫിനിഷ് ചെയ്യുന്ന സമയം രേഖപ്പെടുത്തുന്നതിൽ ഹീറ്റ്സ് മത്സരങ്ങളിൽ വ്യാപകമായ പിഴവുണ്ടായി. രണ്ടാം ഹീറ്റ്സിൽ ആനാരി പുത്തൻ ചുണ്ടൻ, ശ്രീഗണേശൻ എന്നിവ ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. അഞ്ചു മിനിറ്റിൽ താഴെ സമയമെടുത്താണ് ഇരു വള്ളങ്ങളും ഫിനിഷ് ചെയ്തതെന്നു ഡ‍‍ിജിറ്റൽ ഡിസ്പ്ലേ ബോർഡിൽ വ്യക്തമായിരുന്നു. എന്നാൽ, ഇവ ഫിനിഷ് ചെയ്തെങ്കിലും ഇവയുടെ ട്രാക്കിലെ സമയം നിർണയിക്കാനുള്ള ടൈമർ നിർത്തിയില്ല, സമയം മുന്നോട്ടു പാഞ്ഞുകൊണ്ടിരുന്നു. ഇവയ്ക്കു വള്ളപ്പാടുകൾക്കു പിന്നിൽ കരുവാറ്റ, കരുവാറ്റ ശ്രീവിനായകൻ എന്നീ ചുണ്ടൻ വള്ളങ്ങൾ അടുത്തടുത്തായി ഫിനിഷ് ചെയ്ത ശേഷമാണു നാലു ട്രാക്കുകളുടെയും ടൈമർ നിർത്തിയത്. ചുരുക്കത്തിൽ വലിയ വ്യത്യാസത്തോടെ ഫിനിഷ് ചെയ്ത നാലു വള്ളങ്ങളും തമ്മിൽ ഫിനിഷിങ് സമയത്തിൽ കാര്യമായ വ്യത്യാസമില്ല.

മൂന്നാം ഹീറ്റ്സിലും സമാനമായ പ്രശ്നമാണുണ്ടായത്. 4.29.95 മിനിറ്റിൽ ഫിനിഷ് ചെയ്ത ഗബ്രിയേൽ ചുണ്ടനു തുഴപ്പാടുകൾക്കു പിന്നിലാണു നടുഭാഗം ചുണ്ടനും ദേവസ് ചുണ്ടനും ഫിനിഷ് ചെയ്തത്. എന്നാൽ, ഇവയുടെ ട്രാക്കിലെ ടൈമർ യഥാസമയം നിർത്താത്തതു കാരണം നടുഭാഗത്തിന്റെ ഫിനിഷിങ് സമയം 5.35.67 മിനിറ്റ് എന്നും ദേവസിന്റേത് 5.38.06 എന്നും തെറ്റായി രേഖപ്പെടുത്തപ്പെട്ടതായി പരാതിയുണ്ട്.