Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കായലിനായി സ്നേഹമണിഞ്ഞു; കരയിൽ നീലക്കടലിളകി മറിഞ്ഞു

neelakkayal വേമ്പനാട് കായൽ സംരക്ഷണ ബോധവൽകരണത്തിനായി മലയാള മനോരമ ആഹ്വാനം ചെയ്ത നീലയണിയു പ്രചരണ പരിപാടിയുടെ ഭാഗമായി നീല വസ്ത്രങ്ങൾ അണിഞ്ഞു നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തിയവർ.

ആലപ്പുഴ ∙ ആകാശത്തിന് ഇളം നീല, താഴെ കായലിനു കടുംനീല, കരയിൽ നീല നിറചാർത്തു തീർത്തു ജനസാഗരം; ആലപ്പുഴയ്ക്ക് ഇന്നലെ നീല നിറമായിരുന്നു. വേമ്പനാട് കായൽ സംരക്ഷണത്തിനായുള്ള മലയാള മനോരമയുടെ ആഹ്വാനം സ്വീകരിച്ചു നെഹ്റു ട്രോഫി ദിനത്തിൽ നീലവസ്ത്രങ്ങൾ അണിഞ്ഞെത്തിയവരായിരുന്നു ഈ നിറം മാറ്റത്തിനു പിന്നിൽ.
വേമ്പനാടിന്റെ നിലനിൽപ്പിനായി നീല അണിഞ്ഞുള്ള ബോധവൽ‌‌ക്ക‌രണത്തിനു നേതൃത്വം നൽകിയതു ജില്ലയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ തന്നെയായിരുന്നു.

മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്, എംഎൽഎമാരായ എ.എം ആരിഫ്, ജി.പ്രതിഭഹരി എന്നിവർ നീലവസ്ത്രങ്ങൾ അണിഞ്ഞെത്തി വേമ്പനാടിനോടുള്ള സ്നേഹം പ്രകടമാക്കി. മാതാപിതാക്കളോടൊപ്പം നീലവസ്ത്രങ്ങൾ ധരിച്ചെത്തിയായിരുന്നു ജില്ലാ കലക്ടർ വീണ മാധവൻ പ്രചാരണത്തിനു പിന്തുണ പ്രകടിപ്പിച്ചത്.

വള്ളംകളി കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർക്കു പുറമേ മറ്റു ജില്ലകളിൽ നിന്നെത്തിയവരും നീലക്കൂട്ടത്തിൽ പങ്കാളികളായി. പ്രചാരണത്തെക്കുറിച്ചു കേട്ടറിഞ്ഞു നീലവസ്ത്രങ്ങൾ അണിഞ്ഞെത്തിയ വിദേശികളും ഉണ്ടായിരുന്നു. നീലവസ്ത്രങ്ങൾ അണിഞ്ഞെത്തിയ കുടുംബങ്ങളും വിവിധ സംഘടനകളിലെയും സ്കൂളുകളിലെയും പ്രവർത്തകരും ആലപ്പുഴയ്ക്കു വേമ്പനാടിനോടുള്ള സ്നേഹത്തിന്റെ സൂചകങ്ങളായി.

നീലവസ്ത്രങ്ങൾ അണിഞ്ഞെത്തിയവരിൽ നിന്നു തിരഞ്ഞെടുത്ത 120 പേർക്കു സീമാസ് ടെക്സ്റ്റെയിൽസിന്റെ സഹകരണത്തോടെ മനോരമ ഒരുക്കിയ 1000 രൂപയുടെ വീതം സമ്മാനകൂപ്പണും ഉണ്ടായിരുന്നു. നഗരസഭാ കൗൺസിലർ എച്ച്.സലാമിനു കൂപ്പൺ നൽകി മുഖ്യമന്ത്രി പിണറായി വിജയനും വേമ്പനാട് കായൽ സംരക്ഷണ പ്രചാരണത്തിനു പിന്തുണ നൽകി. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ, ഐജി പി.വിജയൻ എന്നിവരും സമ്മാനവിതരണത്തിൽ പങ്കാളികളായി.

നീലക്കുപ്പായക്കാരന് ആദ്യ സമ്മാനം നൽകി പിണറായി

ആലപ്പുഴ∙ വേമ്പനാടു കായൽ സംരക്ഷണത്തിനു വേണ്ടിയുള്ള നീലയണിയാൻ ജനകീയ പ്രചാരണത്തിൽ സമ്മാനം വിതരണം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനും. വള്ളംകളി സംഘാടകൻ കൂടിയായ എച്ച്. സലാം മലയാള മനോരമയുടെ വേമ്പനാടു കായൽ സംരക്ഷണത്തിനു പിന്തുണയായി നീലയണിഞ്ഞാണ് ഉദ്ഘാടന വേദിയിൽ എത്തിയത്.

മികച്ച രീതിയിൽ നീല വേഷം ധരിച്ചവരെ കണ്ടെത്താനുള്ള വിധികർത്താക്കൾ എച്ച്. സലാമിനെ തിര‍ഞ്ഞെടുത്തു. ഇതിനിടെ വേദിയിൽ എത്തിയ മുഖ്യമന്ത്രിയോടു ജില്ലാ സെക്രട്ടറി സജി ചെറിയാൻ സമ്മാന വിതരണത്തിന്റെ കാര്യം സൂചിപ്പിച്ചു. സന്തോഷത്തോടെ സലാമിനു പിണറായി സമ്മാനം നൽകുകയും ചെയ്തു.