Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുറത്താക്കിയ നേതാവിനു വെട്ട്: പാർട്ടിതല അന്വേഷണം വേണ്ടെന്നു സിപിഎം തീരുമാനം

കായംകുളം∙ പാർട്ടി പുറത്താക്കിയ യുവനേതാവിനെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പാർട്ടിതല അന്വേഷണം വേണ്ടെന്നു സിപിഎം തീരുമാനിച്ചു. കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റി മുൻ അംഗവും ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിയുമായ ഷാനിനെ വെട്ടി പരുക്കേൽപ്പിച്ചതു വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണെന്നു പൊലീസ് കണ്ടെത്തിയ സാഹചര്യത്തിലാണു പാർട്ടിതല അന്വേഷണ കമ്മിഷനെ നിയമിച്ചു വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമം സിപിഎം നേതൃത്വം ഉപേക്ഷിച്ചത്.

ഷാനെ ആക്രമിച്ച കേസിലെ നാലാം പ്രതി ചങ്ങൻകുളങ്ങര പുതുക്കാട്ടിൽ കിഴക്കതിൽ പങ്കജ് മേനോനെ(26) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാനുമായുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണു പങ്കജ് മേനോൻ പൊലീസിനു നൽകിയ മൊഴി.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പാർട്ടിതല അന്വേഷണം സിപിഎം ഉപേക്ഷിച്ചതെന്നാണ് അറിയുന്നത്. ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നേതൃത്വത്തിൽ ജില്ലാ നേതാക്കൾ ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു ഷാനെ ആക്രമിച്ച സംഭവം ചർച്ച ചെയ്ത് അന്വേഷണ കമ്മിഷനെ നിയമിക്കാനാണു നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാൽ ഇന്നലെ കൂടിയ ഏരിയ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി പങ്കെടുക്കുകയോ ഇതു സംബന്ധിച്ചു ചർച്ച നടത്തുകയോ ചെയ്തില്ല. ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനെതിരെ നോട്ടിസ് പ്രചാരണം നടത്തിയതിന്റെ പേരിൽ ഷാനിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതിനു പിന്നാലെ ആക്രമണം നടക്കുകയും പ്രതികളെ പിടികൂടാൻ കഴിയാതിരുന്നതുമാണു പാർട്ടിയെ സംശയത്തിന്റെ നിഴലിൽ നിർത്തിയിരുന്നത്.

അതിനിടെ ഒന്നാം പ്രതിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് അറിവ്.