Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണീ സതീഷ് നായർ ? ബിജെപി യോഗത്തിൽ കുമ്മനത്തിനെതിരെ രൂക്ഷ വിമർശനം

BJP Flag

തൃശൂർ∙ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ സംസ്ഥാന ജാഥയെക്കുറിച്ചു ചർച്ച ചെയ്യാൻ ചേർന്ന ബിജെപി നേതൃയോഗത്തിൽ കുമ്മനത്തിനെതിരെ പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പ്രതിനിധികൾ ആഞ്ഞടിച്ചു. അഴിമതിക്കു കളമൊരുക്കാനാണു പാർട്ടിയുമായി ബന്ധമില്ലാത്ത സതീഷ് നായരെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതെന്നു പലരും വിമർശിച്ചു.

മോദിയുടെ സ്റ്റാഫാണെന്നു പറഞ്ഞാണു അദ്ദേഹത്തെ ഇവിടെ അവതരിപ്പിച്ചത്. അഴിമതി വിരുദ്ധ നിലപാട് എടുക്കുന്നതിനു മുൻപു സ്വയം ശുദ്ധമാകണമെന്നും അവർ ആവശ്യപ്പെട്ടു. കുമ്മനംതന്നെയാണു അഴിമതിയുടെ ഭാഗമായി നിന്നതെന്നും ചെറിയ നേതാക്കളെ ബലികൊടുത്തു അതു മറയ്ക്കാനാകില്ലെന്നും അംഗങ്ങളിൽ ചിലർ വിമർശിച്ചു.

എല്ലാം മറന്നു ഒറ്റക്കെട്ടായി നിൽക്കണമെന്ന കുമ്മനത്തിന്റെ പ്രസംഗമാണു ചർച്ചയ്ക്കു തുടക്കമിട്ടത്. യോഗത്തിന്റെ അജൻഡ സംസ്ഥാന ജാഥയാണെന്നും ഇടയ്ക്കിടെ ഓർമിപ്പിച്ചുവെങ്കിലും അംഗങ്ങൾ അതിനു വഴങ്ങിയില്ല. പലരും ഈ വിഷയം ചർച്ച ചെയ്ത ശേഷം ഇറങ്ങിപ്പോകുകയും ചെയ്തു.

എം.ടി. രമേശിനെതിരെയും വിമർശനമുണ്ടായി. രമേശ് നടത്തിയ വിമാന യാത്ര എന്തിനായിരുന്നുവെന്നും യാത്രയിൽ ആരെല്ലാം ഉണ്ടായിരുന്നുവെന്നും അന്വേഷിക്കണമെന്നു ചിലർ ആവശ്യപ്പെട്ടു. ആരെയും പെട്ടെന്നു വിശുദ്ധനായി പ്രഖ്യാപിക്കേണ്ടതില്ലെന്നും കുറ്റവാളി ആരായാലും അന്വേഷണം വേണമെന്നും തൃശൂരിൽനിന്നുള്ള ചില നേതാക്കൾ ആവശ്യപ്പെട്ടു.

ബിജെപിക്കു എങ്ങനെയാണു ഗുണ്ടാ ബന്ധം ഉണ്ടായതെന്നും എന്തിനാണു അവരെ സംരക്ഷിക്കുന്നതെന്നു തിരുവനന്തപുരത്തുനിന്നുള്ള അംഗം ചോദിച്ചു. അഴിമതിക്കാരാണെന്നു ഉറപ്പായിട്ടും ഇവരിൽ പലരും എങ്ങനെയാണു നേതൃത്വവുമായി അടുത്തതെന്നു അന്വേഷിക്കണം. മാഫിയകൾക്കു മുൻപെങ്ങുമില്ലാത്ത വിധം പാർട്ടിയിൽ സ്വാധീനമുണ്ടെന്നും അവർ ആരോപിച്ചു.

ഇതിന്റെ പേരിൽ പുറത്താക്കിയവരെ തിരിച്ചെടുത്തു തെറ്റു തിരുത്തണമെന്നും പലരും ആവശ്യപ്പെട്ടു. എന്നാൽ അക്കാര്യത്തിൽ യോഗം തീരുമാനമെടുത്തില്ല.

related stories