Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരപ്പിള്ളി പദ്ധതി അഭിപ്രായൈക്യത്തിലൂടെ മാത്രമെന്നു പിണറായി വിജയൻ

ATHIRAPPILLY

തിരുവനന്തപുരം∙ അതിരപ്പിള്ളി പദ്ധതി അഭിപ്രായൈക്യം ഉണ്ടാക്കിയിട്ടേ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുള്ളൂവെന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കു കേന്ദ്രസർക്കാരിന്റെ പാരിസ്ഥികാനുമതിയും വനംവകുപ്പിന്റെ അനുമതിയും ലഭ്യമായിട്ടുണ്ട്.

എല്ലാ അനുമതികളുമുണ്ടെങ്കിലും അഭിപ്രായൈക്യത്തിന്റെ അടിസ്ഥാനത്തിലേ പദ്ധതി നടപ്പാക്കൂവെന്നു പി.ടി.തോമസിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.  ജലലഭ്യത ഉറപ്പാക്കി പദ്ധതി നടപ്പാക്കാമെന്നാണു കസ്തൂരിരംഗൻ റിപ്പോർട്ടിലെ ശുപാർശ.

പ്രതിവർഷം 350 മെഗാവാട്ട് വൈദ്യുതി ഉൽ‍പാദിപ്പിക്കാമെന്നാണു കണക്കാക്കുന്നത്. ഡാമിൽ നിന്നു പമ്പ് ഹൗസിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടില്ല. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത അതേപടി നിലനിർത്തും. പദ്ധതിപ്രദേശത്തിനു സമീപത്തുള്ള ആദിവാസികളെ പുനരധിവസിപ്പിക്കും.

ഇക്കാര്യങ്ങൾ ഉറപ്പാക്കുന്ന വിശദമായ പദ്ധതിരേഖയാണു തയാറാക്കിയിരിക്കുന്നത്. ഇതൊക്കെയാണെങ്കിലും പരിസ്ഥിതി പ്രവർത്തകർക്കും രാഷ്ട്രീയ പാർട്ടികൾക്കും പദ്ധതിയെക്കുറിച്ച് എതിരഭിപ്രായമുണ്ട്. ഇതും സംസ്ഥാനത്തിന്റെ താൽപര്യവും കണക്കിലെടുത്താകും തീരുമാനം– മുഖ്യമന്ത്രി വ്യക്തമാക്കി. 

അപൂർവ ജീവജാലങ്ങൾക്കു നാശം സംഭവിക്കുന്നതും ഒരു പ്രദേശത്തെയാകെ വെള്ളത്തിലാക്കുന്നതുമായ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്നു പി.ടി.തോമസ് ആവശ്യപ്പെട്ടു.

related stories