Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എട്ടു കോടിയുടെ അസാധു നോട്ടുകളുമായി പിടിയിൽ

currency-seizure കായംകുളം പൊലീസ് പിടികൂടിയ എട്ടു കോടിയോളം വരുന്ന നിരോധിത നോട്ടുകളുമായി പ്രതികളായ മുഹമ്മദ് നൗഷാദ്, മുഹമ്മദ് ഹാരിസ്, പ്രകാശ്, അഷറഫ്, അബ്ദുൽ റഫീക്ക് എന്നിവർ.

കായംകുളം∙ എട്ടു കോടിയോളം രൂപ മൂല്യം വരുന്ന നിരോധിക്കപ്പെട്ട 500, 1000 രൂപയുടെ നോട്ട് കെട്ടുകളുമായി അഞ്ചു പേരെ പൊലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്നു ദേശീയപാതയിൽ കൃഷ്ണപുരത്ത് ഇന്നലെ പ‍ുലർച്ചെ കായംകുളം സിഐ കെ.സദന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണു സംഘം പിടിയിലായത്. ഒരു വാഹനം പരിശോധനയ്ക്കിടെ കടന്നുകളഞ്ഞു. 

കോഴിക്കോട് കൊടുവള്ളി കരിങ്ക മങ്കുഴിയിൽ മുഹമ്മദ് നൗഷാദ് (35), പാലക്കാട് സ്വദേശികളായ ദാറുൽമനാർ മുഹമ്മദ് ഹാരിസ് (53), ആലത്തൂർ എരമയൂർ വടക്കുംപുറം വീട്ടിൽ പ്രകാശ് (52), എരമയൂർ ഇറയൻചിറ വീട്ടിൽ അബ്ദുൽ റഫീക് (37), കൂട്ടാല കുന്നിശ്ശേരി മോഴിയിൽമുച്ചിയിൽ മുക്കിൽ വീട്ടിൽ അഷ്റഫ് (30) എന്നിവരാണു പിടിയിലായത്. ഇവർ സഞ്ചരിച്ച രണ്ടു കാറുകളും കസ്റ്റഡിയിൽ എടുത്തു. പൊലീസ് തടഞ്ഞിട്ടും നിർത്താതെ ഓച്ചിറ ഭാഗത്തേക്ക് ഓടിച്ചു പോയ  മറ്റൊരു കാർ കണ്ടെത്തിയിട്ടില്ല. 

പിടിച്ചെടുത്ത രണ്ടു കാറുകളിൽ നിന്നായി 7,92,38,000 രൂപയുടെ നിരോധിക്കപ്പെട്ട 1000, 500 രൂപ നോട്ട് കെട്ടുകളാണു പിടിക്കപ്പെട്ടത്. ഹാർഡ്ബോർഡ് പെട്ടികളിലും ചാക്കുകളിലും നിറച്ചു ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകൾ. കോയമ്പത്തൂരിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച പഴയ നോട്ടുകൾ കായംകുളം സ്വദേശിക്കു നൽകി പകരം പുതിയ നോട്ടുകൾ വാങ്ങാൻ എത്തിയതാണെന്നു പ്രതികൾ പൊലീസിനു മൊഴി നൽകി. പരസ്പര വിരുദ്ധമായും വിശ്വസനീയമല്ലാത്ത വിധവുമാണു പ്രതികൾ മൊഴി നൽകിയതെന്നും വിശദമായി ചോദ്യം ചെയ്യുമെന്നും ജില്ലാ പൊലീസ് മേധ‍ാവി എസ്.സുരേന്ദ്രൻ അറിയിച്ചു. പ്രതികളെ ഇന്നു മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും.