Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനനിരക്കുകൾ കുത്തനെ ഉയർത്തി; ഏറ്റവും വർധന ഗൾഫ് രാജ്യങ്ങളിലേക്ക്

FLIGHT-dc

തിരുവനന്തപുരം∙ ഓണത്തിരക്ക് മുതലാക്കാൻ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. കേരളത്തിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള നിരക്കിലാണ് വൻ വർധന.

ബെംഗളൂരു, ന്യൂഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള നിരക്കും വർധിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ അവധി കഴിഞ്ഞു സ്കൂളുകൾ തുറക്കുന്നതു സെപ്റ്റംബർ ആദ്യവാരമാണ്. ഇതും തിരക്കു കൂടാൻ കാരണമായി. സ്വകാര്യ എയർലൈൻ കമ്പനികൾക്കൊപ്പം എയർ ഇന്ത്യയും നിരക്ക് കുത്തനെ ഉയർത്തി.

സെപ്റ്റംബർ ആദ്യവാരത്തിൽ ദുബായിലേക്കു തിരുവനന്തപുരത്തു നിന്ന് 29,000 രൂപ മുതൽ 42,000 രൂപവരെയാണു നിരക്ക്. 10,000 രൂപയിൽ താഴെയായിരുന്ന ടിക്കറ്റ് നിരക്കാണ് മൂന്നും നാലും ഇരട്ടി വർധിച്ചത്. റിയാദിലേക്ക് 50,000 മുതൽ 85,000 രൂപവരെയാണു നിരക്ക്. ഷാർജയിലേക്ക് 30,000 രൂപയ്ക്കു മുകളിലാണിത്.

അബുദാബിയിലേക്ക് 30,000 രൂപയ്ക്കു മുകളിലും ദോഹയിലേക്ക് 36,000 രൂപയ്ക്കു മുകളിലുമാണ് നിരക്ക്. താരതമ്യേന കുറഞ്ഞ ചെലവിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികളും നിരക്കുയർത്തിയിട്ടുണ്ട്. ഉൽസവ സീസണുകളിൽ തിരക്കു കൂടുന്നതിനനുസരിച്ചു നിരക്കുകൾ ഉയർത്താറുണ്ടെന്നും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കു കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ കഴിയുമെന്നുമാണ് വിമാനക്കമ്പനികളുടെ വാദം.

ഓണക്കാലത്തു നിരക്കുവർധന നിയന്ത്രിക്കാൻ കൂടുതൽ വിമാനങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാനമന്ത്രാലയത്തിനു കത്തുനൽകിയെങ്കിലും തുടർ നടപടികളൊന്നുമുണ്ടായിട്ടില്ല.