Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഐസിസിക്കു കെപിസിസി വക 16 ലക്ഷം വിഹിതം

congress-party-logo

തിരുവനന്തപുരം∙ എഐസിസിക്കു കെപിസിസിയുടെ വക 16 ലക്ഷം രൂപയുടെ സംഭാവന. സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന അംഗത്വ വിതരണത്തിലെ എഐസിസിയുടെ വിഹിതമാണിത്. എഐസിസി ട്രഷറർ മോട്ടിലാൽ വോറയ്ക്കു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ തുക കൈമാറി.

അംഗത്വ വിതരണത്തിലൂടെ 1.6 കോടി രൂപയാണു കെപിസിസി സമാഹരിച്ചത്. 33 ലക്ഷത്തോളം പേരാണ് അംഗത്വമെടുത്തത്. എല്ലാ സംസ്ഥാനങ്ങളും എഐസിസിക്കു വിഹിതം നൽകുമെങ്കിലും അംഗത്വ വിതരണം ഉഷാറായി നടന്ന കേരളം തുകയുടെ കാര്യത്തിൽ മുന്നിലാണെന്നാണ് അറിയുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി, നേതാക്കളായ അഹമ്മദ് പട്ടേൽ, മുകുൾ വാസ്നിക് എന്നിവരെയും സന്ദർശിച്ച ഹസൻ, സംഘടനാ തിരഞ്ഞെടുപ്പു പ്രക്രിയ സംബന്ധിച്ചു പ്രാഥമിക ചർച്ച നടത്തി. ചേരിതിരിഞ്ഞുള്ള വോട്ടെടുപ്പിനും മത്സരത്തിനും സാധ്യതയില്ലെന്നാണു സൂചന.

ഇപ്പോൾ നടക്കുന്ന ഇന്ദിരാ കുടുംബസംഗമങ്ങൾ താഴേത്തട്ടിൽ സംഘടനയെ സജീവമാക്കിയെന്നാണു വിലയിരുത്തൽ. ഓഗസ്റ്റ് 31ന് അകം മുഴുവൻ ബൂത്തുകളിലും കുടുംബസംഗമങ്ങൾ എന്നാണു നിഷ്കർഷിച്ചിരിക്കുന്നതെങ്കിലും ഇതു നീട്ടിയേക്കും. ഏതാണ്ടു പകുതി ബൂത്തുകളിൽ സംഗമം നടന്നതായാണു വിലയിരുത്തൽ. റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷയ്ക്കു ഹസൻ കൈമാറി. കുടുംബ സംഗമ സമാപന പരിപാടിയിലേക്കു സോണിയയെ ക്ഷണിച്ചിട്ടുമുണ്ട്.

നാച്ചിയപ്പൻ 28ന് എത്തും

കേരളത്തിന്റെ ചുമതലയുള്ള വരണാധികാരി സുദർശൻ നാച്ചിയപ്പൻ 28, 29, 30 തീയതികളിൽ പാലക്കാട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി നേതാക്കളുമായി ആശയവിനിമയം നടത്തും. ഇതിലൂടെ തിരഞ്ഞെടുപ്പ് എങ്ങനെ വേണമെന്ന ധാരണ രൂപപ്പെടുത്താനാണു ശ്രമം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി തിരഞ്ഞെടുപ്പു പൂർത്തിയാക്കി കെപിസിസി പ്രസിഡന്റിനെയും നിർവാഹക സമിതിയെയും തിരഞ്ഞെടുക്കേണ്ടതുണ്ട്. അഭിപ്രായൈക്യത്തിന്റെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് എന്ന നിർദേശത്തിനാണു മേൽക്കൈ.