Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ രണ്ടു ചുവടുകൂടി മുന്നിൽ; മേന്മയേറിയ ഉൽപന്നം, പരിസ്ഥിതി സൗഹൃദ പ്രവർത്തനം, സുരക്ഷിത തൊഴിലിടം എന്നിവയ്ക്ക് ഐഎംഎസ് സർട്ടിഫിക്കേഷൻ

BSI

കോട്ടയം∙ മികവിന്റെ പാതയിൽ മനോരമ രണ്ടു ചുവടു കൂടി മുന്നോട്ട്. ഉൽപന്നങ്ങളുടെ ഗുണമേന്മ ഉയർത്തുക, പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുക, തൊഴിലിടം കൂടുതൽ സുരക്ഷിതമാക്കുക എന്നിവയ്ക്കായി മൂന്നു വ്യത്യസ്ത മാനേജ്മെന്റ് സിസ്റ്റം അടങ്ങുന്ന ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് സിസ്റ്റം (ഐഎംഎസ്) നടപ്പാക്കി, മനോരമ ഐഎംഎസ് സർട്ടിഫിക്കേഷൻ നേടി.

ഐഎസ്ഒ 9001:2015 പ്രകാരമുള്ള ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം, ഐഎസ്ഒ 14001:2015 പ്രകാരമുള്ള എൻവയൺമെന്റ് മാനേജ്മെന്റ് സിസ്റ്റം, ഓക്യുപ്പേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി അസസ്മെന്റ് സീരീസ് 18001:2007 പ്രകാരമുള്ള മാനേജ്മെന്റ് സിസ്റ്റം എന്നിവ എല്ലാ യൂണിറ്റുകളിലും നടപ്പിലാക്കിയതോടെ മറ്റു പ്രസിദ്ധീകരണങ്ങൾക്കില്ലാത്ത നേട്ടമാണ് മനോരമ കൈവരിച്ചിരിക്കുന്നത്.

ഇവയിൽ ഐഎസ്ഒ 9001:2008 പ്രകാരമുള്ള ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം നേരത്തേതന്നെ നടപ്പാക്കിയിരുന്നു. അതിന്റെ ഏറ്റവും പുതിയ പതിപ്പായ ISO 9001:2015 ആണ് ഇപ്പോൾ നടപ്പാക്കിയിട്ടുള്ളത്. മനോരമയുടെ 11 യൂണിറ്റുകൾക്കും വനിത, ബാലരമ, കളിക്കുടുക്ക തുടങ്ങിയവയുടെ പ്രസാധകരായ എം എം പബ്ലിക്കേഷനുമാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.

പ്രവർത്തനങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ രാജ്യാന്തര നിലവാരത്തിൽ നിർണയിക്കുന്ന ഏജൻസിയാണ് ഐഎസ്ഒ (ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ സ്‌റ്റാൻഡേഡൈസേഷൻ). ഉപയോക്‌താവിനുള്ള മികച്ച സേവനം, ഗുണമേന്മ ഉറപ്പുവരുത്തുന്ന പ്രവർത്തനരീതികൾ, ജീവനക്കാരുടെ പരിശീലനം, സുരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത, നടപടിക്രമങ്ങളുടെ ചിട്ട എന്നിവയിൽ പുലർത്തുന്ന നിലവാരവും പരിസ്ഥിതി സൗഹൃദ പ്രവർത്തനം, അപകടനിവാരണം എന്നിവയിൽ ഏർപ്പെടുത്തിയ നടപടിക്രമങ്ങളും വിശദമായ പരിശോധനയിൽ ബോധ്യപ്പെട്ടശേഷമാണ് ബ്രിട്ടിഷ് സ്‌റ്റാൻഡേഡ്‌സ് ഇൻസ്‌റ്റിറ്റ്യൂഷന്റെ (ബിഎസ്ഐ) പരിശോധകർ മനോരമയ്ക്കും എംഎം പബ്ലിക്കേഷനും സർട്ടിഫിക്കേഷൻ നൽകിയത്.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഎസ്ഐ 172 രാജ്യങ്ങളിലായി രണ്ടു ലക്ഷം സ്ഥാപനങ്ങളിൽ ഐഎസ്ഒ ഓഡിറ്റ് നടത്തിയിട്ടുണ്ട്. പരിസര മലിനീകരണം കുറയ്ക്കുകയും ഊർജം സംരക്ഷിക്കുകയും മാലിന്യം സംസ്കരിക്കുകയും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും മനോരമ പുതുതായി ഉറപ്പാക്കിയിട്ടുണ്ട്.

ജീവനക്കാർക്കു പുറമെ, മനോരമയുമായി ബന്ധപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും പ്രത്യേക പരിഗണന നൽകിക്കൊണ്ടുള്ളതാണ് ഐഎംഎസ്.