Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവ. നേട്ടങ്ങൾ ജനങ്ങളോടു വിശദീകരിക്കാൻ എൽഡിഎഫ് രണ്ടു മേഖലാ ജാഥകൾക്ക്

election victory

തിരുവനന്തപുരം∙ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളോടു വിശദീകരിക്കാനും കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രചാരണം നടത്താനുമായി എൽഡിഎഫ് രണ്ടു മേഖലാ ജാഥകൾക്ക്. ബിജെപി കേരളത്തിൽ ജാഥ നടത്തുന്ന സാഹചര്യത്തിൽക്കൂടിയാണ് എൽഡിഎഫിന്റെ ബദൽ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പടയൊരുക്കം മുന്നണി തുടങ്ങിയതിന്റെ പ്രഖ്യാപനം കൂടിയായി ഇത്.

ഒക്ടോബർ ഒന്നു മുതൽ 15 വരെയാണു രണ്ടു മേഖലാ ജാഥകൾ. ജാഥയുടെ റൂട്ടും മുദ്രാവാക്യങ്ങളും തീരുമാനിക്കാൻ എല്ലാ പാർട്ടികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഉപസമിതി രൂപീകരിക്കും. വൻകിട കോർപറേറ്റുകളെ സഹായിക്കുന്നതും പാവപ്പെട്ടവരെ മറക്കുന്നതുമായ നയങ്ങൾ നടപ്പാക്കുന്ന കേന്ദ്രസർക്കാരിനു ബദലായി സാധാരണക്കാർക്കുവേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്ത സർക്കാരാണ് എൽഡിഎഫിന്റേതെന്നു മുന്നണിയോഗം വിലയിരുത്തി.

വിദ്യാർഥികളുടെ ബാങ്ക് വായ്പാ കുടിശിക ഏറ്റെടുത്തത്, നഴ്സുമാരുടെ പ്രശ്നം പരിഹരിച്ചത്, അങ്കണവാടി, ആശ വർക്കർമാരുടെ വേതനം വർധിപ്പിച്ചത് തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രമാണ്. സ്വാധീനശക്തിയുള്ള നടൻ ദിലീപിനെ അറസ്റ്റ് ചെയ്യാൻ സർക്കാരുകൾ അറച്ചുനിൽക്കുമെങ്കിൽ മുഖം നോക്കാതെ ആ നടപടിയുമുണ്ടായി. ഇതെല്ലാം വേണ്ടവിധം ജനങ്ങളിലെത്തിക്കാനാണു ജാഥകൾ ലക്ഷ്യമിടുന്നത്.

ലാവ്‌ലിൻ വിധി സർക്കാരിന്റെ പ്രയാണത്തിനു കരുത്തേകുമെന്നു നേതാക്കൾ അഭിപ്രായപ്പെട്ടു. ആരോപണവിധേയരായ കെ.കെ.ശൈലജയും തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യങ്ങളോടു കൺവീനർ വൈക്കം വിശ്വന്റെ പ്രതികരണം.

എൽഡിഎഫ് യോഗത്തിലും ലഡു വിതരണം

മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ലാവ്‌ലിൻ കേസ് വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് എൽഡിഎഫ് യോഗത്തിൽ ലഡു വിതരണം. മുന്നണിയോഗത്തിനെത്തിയ നേതാക്കൾക്ക് എകെജി സെന്റർ ജീവനക്കാരാണു ലഡു നൽകിയത്.