Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കി ഗോൾഡ് കഞ്ചാവ്, ലഹരി; ഗുർമീതിനെ കേരളത്തിലേക്ക് ആകർഷിച്ചത് ഇവ

Gurmeet Ram Rahim Singh

കൊച്ചി∙ ഗുർമീത് റാം റഹിം സിങ്ങിനു കേരളത്തിലുള്ള ബിസിനസ് താൽപര്യങ്ങൾക്കു പിന്നിൽ ഇടുക്കി ഗോൾഡ് കഞ്ചാവും ലഹരി കടത്തും. രാജ്യാന്തര ലഹരിക‍ടത്തു രംഗത്തു മലയാളികളുടെ സാന്നിധ്യമുള്ള ‘കുവൈത്ത് കാർട്ടലു’മായും ഗുർമീതിന് അടുത്ത ബന്ധമുള്ളതായി രഹസ്യ വിവരം. ഡൽഹി പൊലീസ് പിടികൂടിയ ലഹരികടത്തു സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ഇടുക്കി ഗോൾഡ് കഞ്ചാവ് വൻതോതിൽ ശേഖരിക്കുന്ന റാക്കറ്റുമായി ഗുർമീതിനുള്ള അടുപ്പം പുറത്തുവന്നത്.

2013 ഡിസംബർ 29നു 150 കോടി രൂപ വിലവരുന്ന കഞ്ചാവിന്റെ മൂല്യവർധിത ഉൽപന്നങ്ങൾ പുതുവർഷാഘോഷങ്ങൾക്കു വേണ്ടി ഡൽഹിയിലെത്തിച്ച സംഘമാണ് അന്ന് അറസ്റ്റിലായത്. അടുപ്പക്കാരായ രാഗ്‌മീത് സിങ്, ഗുർബീർ സിങ്, ഗുരുമുഖ് സിങ്, അവതാർ സിങ് എന്നിവർ അന്നു ഗുർമീതിനെതിരെ മൊഴിനൽകി. എന്നാൽ ഉന്നത ഇടപെടലിനെ തുടർന്ന് അന്വേഷണം ഗുർമീതിന്റെ ദേര സച്ചാ സൗദാ ആസ്ഥാനത്തേക്ക് എത്തിയില്ല.

ഗുർമീതിന്റെ സംഗീത ഉപാസനകളിൽ വൻതോതിൽ ലഹരി ഉപയോഗിച്ചിരുന്നതായി കേന്ദ്ര നാർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കും തെളിവുകൾ ലഭിച്ചിരുന്നെങ്കിലും അടുത്തുചെല്ലാൻ പോലും കേന്ദ്ര ഏജൻസികൾക്ക് അനുവാദം ലഭിച്ചില്ല. കുവൈത്ത് കാർട്ടലിന്റെ മുഖ്യകണ്ണികളായ അലി അബ്ദുല്ല, അഫ്ഗാനിസ്ഥാൻ സ്വദേശി സൈമുല്ല എന്നിവർ ദേരയുടെ ആസ്ഥാനമായ ഹരിയാനയിലെ സിർസ സന്ദർശിച്ചിരുന്നതായും രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. അലി അബ്ദുല്ല മലയാളിയാണെന്നും സംശയിക്കുന്നു.

സിർസയിലേക്കു കടത്തിക്കൊണ്ടുവന്ന 125 കോടി രൂപയുടെ ലഹരി പദാർഥങ്ങൾ 2013 ജൂണിലും ഡൽഹി പൊലീസ് പിടികൂടിയിരുന്നു. ഗുർമീതിന്റെ കൊച്ചി സന്ദർശന വേളകളിൽ അകമ്പടി പോയ വാഹനങ്ങളിൽ ലഹരി പദാർഥങ്ങളുണ്ടെന്നു പൊലീസ്, എക്സൈസ് വിഭാഗങ്ങൾക്കു സൂചന ലഭിച്ചിരുന്നെങ്കിലും സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഗുർമീതിനു സംരക്ഷണം നൽകാനല്ലാതെ വാഹന വ്യൂഹം പരിശോധിക്കാൻ പൊലീസിനും കഴിഞ്ഞില്ല.

∙ കുവൈത്ത് കാർട്ടൽ

ലോക ലഹരി വിപണിയിലെ കഞ്ചാവ് ഉൽപന്നങ്ങളുടെ വിതരണക്കുത്തക മലയാളികൾ നേതൃത്വംനൽകിയിരുന്ന ഈ കാർട്ടലിനാണ്. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന അസംസ്കൃത കഞ്ചാവ്, മൂല്യവർധിത ഉൽപന്നങ്ങളായ ഹെറോയിൻ, ഹാഷിഷ് എന്നിവയുടെ രാജ്യാന്തര വിപണി നിയന്ത്രിച്ചിരുന്നതു കുവൈത്ത് കാർട്ടലാണ്, ലഹരിക്കുള്ള പണമായി കേരളത്തിലേക്കു സ്വർണം കടത്താൻ തുടങ്ങിയതും ഇവരാണ്. കുവൈത്ത് കാർട്ടലിന്റെ ഭാഗമായി 13 മലയാളികളുടെ വിവരങ്ങൾ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ശേഖരിച്ചു. മൂന്നു പേരെ 2015 ജൂലൈയിൽ എൻസിബി ചോദ്യംചെയ്തു. ഇതോടെയാണു കുവൈത്ത് കാർട്ടലിന്റെ കേരളത്തിലെ പ്രവർത്തനം മന്ദീഭവിച്ചത്

∙ ഇടുക്കി ഗോൾഡ്

ലോക ലഹരി വിപണിയിൽ മുൻകാലങ്ങളിൽ ‘നീലച്ചടയൻ’ എന്നറിയപ്പെട്ട ഹൈറേഞ്ചിലെ കഞ്ചാവ് ഇനമാണ് ഇന്ന് ‘ഇടുക്കി ഗോൾഡ്’ എന്നറിയപ്പെടുന്നത്. ‘മഹാദേവൻ’ എന്ന പേരിലും അറിയപ്പെടുന്നു. ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിലെ കഞ്ചാവിന്റെ ഇരട്ടി വിലയാണ് ഇടുക്കി ഗോൾഡിനും ഹാഷിഷിനും ലഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ കഞ്ചാവ് ഇടുക്കിയിലേക്കു കടത്തിക്കൊണ്ടുവന്ന് ഇടുക്കി ഗോൾഡ് എന്നപേരിൽ മറിച്ചുവിൽക്കുന്ന സംഘങ്ങളും സജീവമാണ്.