Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ മോർച്ചറിയിൽ വീട്ടമ്മയ്ക്ക് ജീവന്റെ തുടിപ്പ്; മണിക്കൂറുകൾക്കുശേഷം മരണത്തിനു കീഴടങ്ങി

Rathnam രത്നം.

കട്ടപ്പന∙ മരിച്ചെന്നു കരുതി ഒന്നരമണിക്കൂറോളം മൊബൈൽ മോർച്ചറിയിൽവച്ച വീട്ടമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതു കണ്ട് വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും 11 മണിക്കൂറിനുശേഷം മരണത്തിനു കീഴടങ്ങി. വണ്ടൻമേട് പഞ്ചായത്ത് ഒന്നാം വാർഡിൽ പുതുവൽ കോളനിയിൽ മുനിസാമിയുടെ ഭാര്യ രത്നമാണ്(51) 'പുനർജനിച്ചെന്ന പ്രതീക്ഷ ബന്ധുക്കൾക്കു നൽകി' പിന്നീട് വിധിക്കു കീഴടങ്ങിയത്.

തോട്ടംതൊഴിലാളിയായ രത്നം മഞ്ഞപ്പിത്തവും വയറുവേദനയും ബാധിച്ച് ഒരുമാസം മുമ്പ് നാട്ടുവൈദ്യൻമാരെ കണ്ട് മരുന്നു വാങ്ങിയെങ്കിലും രോഗം കുറഞ്ഞില്ല. പിന്നീടു മധുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു മധുര മീനാക്ഷി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും അവിടെനിന്നു മധുര വേലമ്മാൾ മെഡിക്കൽ കോളജിലേക്കും മാറ്റി. തിരുവോണദിവസം രത്നം അബോധാവസ്ഥയിലായി. വൃക്ക ഉൾപ്പെടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലാണെന്നും ജീവൻരക്ഷാ ഉപകരണം മാറ്റിയാൽ ഒരുമണിക്കൂറിനകം മരിക്കുമെന്നും ചൊവ്വാഴ്ച രാവിലെ ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. തുടർന്നു രത്നത്തെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിച്ചു.

വെന്റിലേറ്ററുള്ള ആംബുലൻസിൽ ചൊവ്വാഴ്ച രാത്രി മധുരയിൽനിന്നു വണ്ടൻമേട്ടിലേക്കു തിരിച്ചു. ഇന്നലെ പുലർച്ചെ മൂന്നിനു വീട്ടിലെത്തിയപ്പോൾ അനക്കമില്ലാതിരുന്നതിനാൽ രത്നം മരിച്ചെന്ന ധാരണയിൽ ബന്ധുക്കൾ മൊബൈൽ മോർച്ചറി എത്തിച്ച് അതിൽ കിടത്തി. ഒന്നരമണിക്കൂർ കഴിഞ്ഞപ്പോൾ രത്നത്തിന്റെ കണ്ണിൽനിന്നു കണ്ണുനീരും വായിൽനിന്നു നുരയും പതയും വരുന്നതു കണ്ട ബന്ധുക്കൾ ആശങ്കയിലായി.

വണ്ടൻമേട് എസ്‌ഐ: കെ.വി.വിശ്വനാഥന്റെ നേതൃത്വത്തിൽ പൊലീസ് വീട്ടിലെത്തി രത്നത്തെ ചേറ്റുകുഴിയിലെ ആശുപത്രിയിലേക്കു മാറ്റി. പരിശോധനയിൽ ജീവനുണ്ടെന്നു കണ്ടെത്തി. വിദഗ്ധ ചികിൽ‌സയ്ക്ക് ഇന്നലെ രാവിലെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് ആറരയ്ക്കു മരണത്തിനു കീഴടങ്ങി. സംസ്കാരം നടത്തി. മക്കൾ: സതീഷ്, ദിനേഷ്.

related stories