Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഎസ്ഇ: മോഡറേഷൻ തുടരണമെന്ന് കേന്ദ്ര സമിതി ശുപാർശ

ന്യൂഡൽഹി∙ സിബിഎസ്‌ഇയും സംസ്‌ഥാന വിദ്യാഭ്യാസ ബോർഡുകളും മോഡറേഷൻ രീതി തുടരണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച സമിതി ശുപാർശ ചെയ്‌തു. 10, 12 ക്ലാസുകളിൽ ബോർഡ് പരീക്ഷയ്‌ക്കു ഗ്രേസ് മാർക്ക് നൽകുന്നെങ്കിൽ അക്കാര്യം പ്രത്യേകം രേഖപ്പെടുത്തണമെന്നും ശുപാർശയുണ്ട്.

മോഡറേഷൻ രീതി തുടരണമെങ്കിൽ എങ്ങനെയെന്നതിനും, 12–ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയം കുറ്റമറ്റതാക്കുന്നതിനു വഴികൾ നിർദേശിക്കാനും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കഴിഞ്ഞ ജൂണിലാണ് സമിതി രൂപീകരിച്ചത്.

സിബിഎസ്‌ഇ മുൻ ചെയർമാൻ രാകേഷ് ചതുർവേദി അധ്യക്ഷനായ വർക്കിങ് ഗ്രൂപ്പിൽ കേരളമുൾപ്പെടെ ഏഴു സംസ്‌ഥാനങ്ങളിലെ വിദ്യാഭ്യാസ ബോർഡുകളുടെയും ഐസിഎസ്‌ഇയുടെയും പ്രതിനിധികളുണ്ടായിരുന്നു. സമിതി മന്ത്രാലയത്തിനു നൽകിയതും ഇനി സംസ്‌ഥാന ബോർഡുകളുടെ പരിഗണനയ്‌ക്കു നൽകുന്നതുമായ മറ്റു ശുപാർശകളിൽ പ്രധാനപ്പെട്ടവ ഇവയാണ്:

∙ എല്ലാ ബോർഡുകളുടെയും ചോദ്യക്കടലാസുകൾക്ക് ഐകരൂപ്യം ഉറപ്പാക്കാൻ സിബിഎസ്‌ഇ മാതൃക ചോദ്യക്കടലാസുകൾ തയാറാക്കി നൽകണം.

∙ മാതൃകാ ചോദ്യക്കടലാസിനെ അടിസ്‌ഥാനമാക്കി സംസ്‌ഥാന ബോർഡുകൾക്ക് ചോദ്യക്കടലാസ് തയാറാക്കാം.

∙ മോഡറേഷൻ നയം ബോർഡുകൾ വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തണം.

∙ ഗ്രേസ് മാർക്ക് നൽകുന്നെങ്കിൽ, എത്ര മാർക്ക് നൽകുന്നുവെന്നല്ല, ഗ്രേസ് മാർക്ക് നൽകിയിട്ടുണ്ടോയെന്നു മാത്രം മാർക്ക് ലിസ്‌റ്റിൽ വ്യക്‌തമാക്കണം.

∙ 100ൽ 33 ആവും പാസ് മാർക്ക്. മോഡറേഷൻ നൽകുന്നത് അവസാനിപ്പിക്കാമെന്ന് കഴിഞ്ഞ ഏപ്രിലിൽ സിബിഎസ്‌ഇയും 32 വിദ്യാഭ്യാസ ബോർഡുകളും ധാരണയിലെത്തിയിരുന്നു. എന്നാൽ, വിദ്യാഭ്യാസ വർഷം തുടങ്ങിയശേഷം നിലവിലെ രീതികൾ മാറ്റുന്നതിനോടു ഡൽഹി ഹൈക്കോടതി വിയോജിച്ചു.

ഉത്തരവിനെതിരെ അപ്പീൽ നൽകേണ്ടതില്ലെന്നാണ് സിബിഎസ്‌ഇക്കു നിയമോപദേശം ലഭിച്ചത്. ഈ പശ്‌ചാത്തലത്തിലായിരുന്നു സമിതി രൂപീകരണം.