Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാനയിൽ ചാടിയ വിമാനം 17 മണിക്കൂർ ശ്രമത്തിനൊടുവിൽ ഉയർത്തി മാറ്റി

Aircraft-recovery കാനയിൽ വീണ് അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ചിറകിനു കീഴ്ഭാഗത്ത് ഹോളോബ്രിക്സ്, മണൽ തുടങ്ങിയവ ഉപയോഗിച്ച് തറ നിരപ്പ് ഉയർത്തുകയും ചിറകിനു താഴെ എയർബാഗുകൾ വച്ച് വിമാനത്തിന്റെ പിൻഭാഗം ഉയർത്തുകയും ചെയ്യുന്നു.

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഡിസേബിൾഡ് എയർക്രാഫ്റ്റ് റിക്കവറി ടീമിന്റെ (ഡാർട്) 17 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഉയർത്തിയെടുത്ത് ഹാംഗറിലെത്തിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച ശ്രമം ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയാണു പൂർത്തിയായത്.

ചൊവ്വാഴ്ച പുലർച്ചെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിനു ശേഷം റൺവേയിൽ നിന്നു ടാക്സിവേയിലെത്തിയ വിമാനം ഏപ്രണിലേക്കു പോകുമ്പോഴായിരുന്നു അപകടം. ടാക്സിവേയിൽ നിന്ന് ഏപ്രണിലേക്ക് തിരിയുന്നിതിനിടെ വിമാനം ദിശമാറി പിൻ ചക്രങ്ങൾ കാനയിൽ പതിക്കുകയായിരുന്നു.
അപകടം നടന്നയുടനെ കൊച്ചി വിമാനത്താവള കമ്പനി (സിയാൽ) മാനേജിങ് ഡയറക്ടർ വി.ജെ. കുര്യന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെ എയർ ഇന്ത്യ എക്സ്പ്രസ് എൻജിനീയർമാരും സിയാൽ ഡാർട് ഉദ്യോഗസ്ഥരും ചേർന്നു വിമാനം ഉയർത്തിയെടുക്കാൻ ശ്രമം തുടങ്ങി. വിമാനത്തിന്റെ ചിറകിനു കീഴ്ഭാഗത്തു ഹോളോബ്രിക്സ്, മണൽ തുടങ്ങിയവ ഉപയോഗിച്ചു തറ നിരപ്പ് ഉയർത്തുകയും ചിറകിനു തൊട്ടുതൊഴെ എയർബാഗുകൾ വച്ചു വിമാനത്തെ ഉയർത്തുകയുമായിരുന്നു ആദ്യം ചെയ്തത്.

ഇങ്ങനെ ഒരു ഭാഗം ഉയർത്തുമ്പോൾ വിമാനത്തിന്റെ ബാലൻസ് തെറ്റാതിരിക്കാനായി പ്രത്യേക തരം ട്യൂബുകളും മറ്റും ഉപയോഗിച്ചു. പിൻഭാഗം ഉയർത്തിയ ശേഷം മുൻ ഭാഗം ഹൈഡ്രോളിക് സംവിധാനത്തിന്റെ സഹായത്തോടെ ഉയർത്തുകയും മുൻ ചക്രങ്ങൾ ട്രോളിയുടെ പുറത്തു ഘടിപ്പിക്കുകയും ചെയ്തു. തുടർന്നു ട്രക്ക് ഉപയോഗിച്ച് അതീവ സൂക്ഷ്മതയോടെ വിമാനത്തെ വലിച്ചു കൊണ്ടു പോവുകയായിരുന്നു.

എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായരുടെ നേതൃത്വത്തിൽ ഡാർട് ടീമിലെ 17 അംഗങ്ങളും സിയാലിന്റെ സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ ഇരുപത്തഞ്ചോളം പേരും ഈ പ്രവർത്തനത്തിൽ പങ്കെടുത്തു. വിമാനം കെട്ടി വലിച്ചു രണ്ടു കിലോമീറ്ററോളം അകലെയുള്ള ഹാംഗറിലാണെത്തിച്ചത്.

സിയാൽ ഡാർട് ടീമിന്റെ സ്വതന്ത്രമായ ആദ്യ റിക്കവറി പ്രവർത്തനമാണ് ഇത്. 2011ൽ ഗൾഫ് എയർ വിമാനം അപകടത്തിൽപ്പെട്ടപ്പോൾ പത്തു മണിക്കൂറോളം വിമാനത്താവളം അടച്ചിടേണ്ടി വന്നു. തുടർന്നാണ് ഇവിടെത്തന്നെ റിക്കവറി സംവിധാനം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചതും ഏഴരക്കോടി രൂപയുടെ ഉപകരണങ്ങളടക്കം സർവസജ്ജമായ ടീമിനു കഴിഞ്ഞ വർഷം രൂപം നൽകിയതും.

വിമാനം സർവീസ് ആരംഭിക്കാൻ ചുരുങ്ങിയതു മൂന്നു മാസം

നെടുമ്പാശേരി∙ അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് ആരംഭിക്കാൻ ചുരുങ്ങിയതു മൂന്നു മാസമെങ്കിലും വേണ്ടിവരുമെന്നു കണക്കാക്കുന്നു. വിമാനം നിർമിച്ച ബോയിങ് കമ്പനിയുടെ പ്രതിനിധികൾ കൂടിയെത്തിയ ശേഷം നടത്തുന്ന വിശദമായ പരിശോധനയിലേ വിമാനത്തിന്റെ നാശനഷ്ടം സംബന്ധിച്ച യഥാർഥ കണക്കെടുപ്പു നടത്താനാകൂ. 

വിമാനത്തിന്റെ നോസ് വീൽ (മുൻ ചക്രങ്ങൾ) പൂർണമായും തകർന്നു. പിൻ ചക്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഈ ചക്രങ്ങൾ ഉപയോഗപ്പെടുത്തിയാണ് വിമാനം ഹാംഗറിലേക്ക് മാറ്റിയത്. 

വിമാനത്തിന്റെ എഞ്ചിനു കാര്യമായ തകരാറുകൾ സംഭവിച്ചിട്ടില്ല. എന്നാൽ കാനയുടെ മുകൾ ഭാഗത്ത് അടിച്ചു വീണതിനാൽ അടിഭാഗത്തിന് കാര്യമായ തകരാറുകൾ സംഭവിച്ചിട്ടുണ്ട്. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കും തകരാറുകൾ സംഭവിച്ചിട്ടുണ്ട്. 

എയർഇന്ത്യയുടെ മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള എൻജിനീയറിങ് സംഘമെത്തിയാണ് അറ്റകുറ്റപ്പണി നടത്തുക.