Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ തിരിച്ചറിയൽ രേഖകളുമായി ആധാർ എടുക്കാൻ ഇന്ത്യൻ പൗരന്മാരല്ലാത്തവർ

Aadhar Card

തിരുവനന്തപുരം∙ വ്യാജ തിരിച്ചറിയൽ രേഖകളുമായി ആധാർ കാർഡ് എടുക്കാൻ ഇന്ത്യൻ പൗരന്മാരല്ലാത്തവർ അക്ഷയകേന്ദ്രങ്ങളിലെത്തുന്നതായി റിപ്പോർട്ട്. ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന ബംഗ്ലദേശ് പൗരന്മാർ ആധാർ എടുക്കാനായി ശ്രമിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് എഡിജിപി അക്ഷയയുടെ ചുമതലയുള്ള സംസ്ഥാന ഐടി മിഷന് റിപ്പോർട്ട് നൽകി.

ഇതേ തുടർന്ന് ജാഗ്രത പാലിക്കാൻ ആധാർ ഓപ്പറേറ്റർമാർക്ക് ഐടി മിഷൻ നിർദേശം നൽകി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ വാഹന ലൈസൻസ് ആണ് തിരിച്ചറിയൽ രേഖയായി നൽകുന്നത്. ഇവ കൃത്യമായി പരിശോധിച്ചുറപ്പുവരുത്താനുള്ള സംവിധാനം അക്ഷയ കേന്ദ്രങ്ങൾക്കില്ല. വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിക്കുന്ന ഒട്ടേറെ സംഘങ്ങൾ അസമിലെ അതിർത്തിപ്രദേശങ്ങളിലുണ്ടെന്നതും ആശങ്ക വർധിപ്പിക്കുന്നു.

കാസർകോട് ജില്ലയിൽ രണ്ടു മാസമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആധാർ എടുക്കാനായി എത്തുന്നതായി ഓപ്പറേറ്റർമാർ ഐടി മിഷനെ അറിയിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി വെരിഫൈയർ എന്ന തസ്തികയിൽ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെങ്കിലും രേഖകൾ ശരിയാണോയെന്നു പരിശോധിക്കുക എളുപ്പമല്ല. വരുന്നവരെ വിശ്വാസത്തിലെടുക്കേണ്ട അവസ്ഥയിലാണ് അക്ഷയ ഓപ്പറേറ്റർമാർ.

വ്യക്തിഗത വിവരങ്ങൾ വിലയ്ക്കു വാങ്ങാൻ ഏജൻസികളും

ആധാർ ഡൗൺലോഡ് ചെയ്യാനായി ഇന്റർനെറ്റ് കഫേകളിൽ എത്തുന്നവരുടെ വ്യക്തിഗത വിവരങ്ങൾ വിലയ്ക്കു വാങ്ങാൻ ഏജൻസികൾ രംഗത്തുണ്ടെന്ന് ഐടി മിഷൻ അധികൃതർ. ഇ–ആധാറിനായി കഫേകളിൽ എത്തുന്നവരുടെ ആധാർ നമ്പറും ഒടിപി (വൺ ടൈം പാസ്‍വേഡ്)യും ലഭിക്കുന്നതിനായി ഫോൺ നമ്പറും പലപ്പോഴും ജീവനക്കാരുമായി പങ്കുവയ്ക്കാറുണ്ട്.

എസ്എംഎസ് വഴിയുള്ള മാർക്കറ്റിങ്ങിനും മറ്റും ഇവ വിലയ്ക്കു വാങ്ങാൻ ഏജൻസികളും എത്തുന്നുണ്ട്. ഇതേ ആവശ്യവുമായി ആധാർ ഓപ്പറേറ്റർമാരെയും സമീപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുതെന്ന് ഐടി മിഷൻ അധികൃതർ കർശന നിർദേശം നൽകി.