Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രമന്ത്രി കണ്ണന്താനത്തെ തള്ളി, മുഖ്യമന്ത്രിയെ ‘കുത്തി’ വിഎസ്

VS Achuthananthan

തിരുവനന്തപുരം ∙ അൽഫോൻസ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി സ്ഥാനലബ്ധിയിൽ അഭിനന്ദനീയമായി ഒന്നുമില്ലെന്നു വി.എസ്.അച്യുതാനന്ദൻ. സ്ഥാനാർഥി നിർണയ സമയത്തു കൂടുതൽ ജാഗ്രത പുലർത്തണമെന്ന തിരിച്ചറിവാണ് ഇത് ഇടതുപക്ഷത്തിനു നൽകുന്നതെന്നും വിഎസ് അഭിപ്രായപ്പെട്ടു. തന്നെ കാഞ്ഞിരപ്പള്ളിയിൽ ഇടതു സ്ഥാനാർഥിയാക്കിയതു പിണറായി ആണെന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കണ്ണന്താനം വെളിപ്പെടുത്തിയിരുന്നു. ആ നിലയിൽ കണ്ണന്താനത്തെ നേരത്തേ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരോക്ഷവിമർശനം കൂടിയാണു വിഎസ് നടത്തിയത്.

ഒരു ഇടതുപക്ഷ സഹയാത്രികനു സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമാണ് അൽഫോൻസ് കണ്ണന്താനത്തിനു സംഭവിച്ചിരിക്കുന്നത്. വ്യക്തിപരമായ സ്ഥാനലബ്ധിയേക്കാൾ വലുതാണു രാജ്യവും രാഷ്ട്രീയവുമെന്നു തിരിച്ചറിയേണ്ട സമയത്താണു കണ്ണന്താനം ഫാഷിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങൾ തേടി അവിടേക്കു ചേക്കേറുന്നത്. അതു രാഷ്ട്രീയ ജീർണതയുടെ ലക്ഷണമാണ്. ഒരു തരത്തിലും സന്ധി ചെയ്യാൻ വയ്യാത്ത ഘട്ടത്തിൽ, തന്നെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞു ഫാഷിസത്തോടു സന്ധി ചെയ്യുകയാണു കണ്ണന്താനം ചെയ്തത്–വിഎസ് അഭിപ്രായപ്പെട്ടു.

മുൻ ഇടത് എംഎൽഎ ആയ കണ്ണന്താനം കേന്ദ്രമന്ത്രിയായതിനെത്തുടർന്നു ഡൽഹിയിൽ മുഖ്യമന്ത്രി അദ്ദേഹത്തിന് ഓണസദ്യയൊരുക്കിയിരുന്നു. അദ്ദേഹത്തെ അഭിനന്ദിച്ചു ഫെയ്സ്ബുക്കിൽ കുറിപ്പുമിട്ടു. ഇതിനിടയിൽ ബീഫുമായി ബന്ധപ്പെട്ടുള്ള കണ്ണന്താനത്തിന്റെ വിവാദപ്രസ്താവനയും മലക്കംമറിച്ചിലും ചർച്ചാവിഷയമായി. ഈ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയെ കുത്തിയുള്ള വിഎസിന്റെ ഇടപെടൽ.

പ്രായമായതുകൊണ്ട് കാര്യമാക്കേണ്ട: കണ്ണന്താനം

കാഞ്ഞിരപ്പള്ളി ∙ പ്രായമായതു കൊണ്ടു വി.എസ്.അച്യുതാനന്ദൻ പറയുന്നതു കാര്യമാക്കേണ്ടെന്ന് അൽഫോൻസ് കണ്ണന്താനം. വിഎസിന് എന്തും പറയാം. അദ്ദേഹം പുതിയ പുതിയ വാക്കുകൾ ഉപയോഗിക്കുകയാണ്. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല – കണ്ണന്താനം പറഞ്ഞു.

related stories