Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമ്മു’വിന്റെ വേർപാട് താങ്ങാനാകാതെ തൊടുവട്ടി ഗ്രാമം

irin-maria-george ഐറിൻ മരിയ ജോർജ്

ബത്തേരി ∙ ബത്തേരിയ്ക്കടുത്ത തൊടുവട്ടി ഗ്രാമവാസികൾക്ക് ഐറിൻ മരിയ ജോർജെന്ന തങ്ങളുടെ ‘അമ്മു’വിന്റെ  വേർപാട് ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ല. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിൽ നിന്ന് നാട്ടിൽ അവധിക്കെത്തുമ്പോഴെല്ലാം എപ്പോഴും ചിരിക്കുന്ന മുഖവുമായി എല്ലാവരുടെയടുത്തും ഓടിയെത്തുമായിരുന്നു ഐറിൻ. ഒടുവിൽ തിരുവേണ ദിനത്തിൽ കോളജിലേക്ക് മടങ്ങുമ്പോഴും മായാത്ത ചിരിയുടെ അലകളായിരുന്നു ആ മുഖത്തെന്ന് അയൽവാസി ഷീല ഓർക്കുന്നു.

പഠനയാത്രയ്ക്കൊരുങ്ങുമ്പോൾ ഈ മൂന്നാം വർഷ ഇലക്ട്രോണിക്സ് ബിരുദ വിദ്യാർഥിനി ഏറെ സ്വപ്നങ്ങൾ പങ്കുവച്ചതായി സമീപവാസികൾ പറയുന്നു. വലിയ കണ്ടുപിടിത്തങ്ങൾ ഐറിൻ സ്വപ്നം കണ്ടിരുന്നു. ഇക്കാര്യം വളരെ അടുപ്പമുള്ളവരോട് പറയുമായിരുന്നു. ഓണപ്പിറ്റേന്നാണ് പഠനയാത്ര പുറപ്പെട്ടത്. ഇന്നലെ യാത്ര പൂർത്തിയാക്കാനായിരുന്നു തീരുമാനം. 13നായിരുന്നു പരീക്ഷ. യാത്ര അവസാനിക്കുന്നതിന് ഒരു ദിവസം മുൻപ് ഐറിനെ മരണം ബസപകടത്തിന്റെ രൂപത്തിൽ കൂട്ടിക്കൊണ്ടു പോയി. ചിക്കമഗളൂരുവിലെ തടാകക്കരയിൽ ടിപ്പർ ലോറിയ്ക്ക് അരിക് നൽകുമ്പോഴായിരുന്നു അപകടം.

പൊലീസിൽ എസ്ഐയായ തൊടുവട്ടി പാലിയത്ത് മോളയിൽ പി.പി. ജോർജ്– എലിസബത്ത് ദമ്പതികൾക്ക് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആറ്റുനോറ്റുണ്ടായതാണ് അമ്മുവെന്ന ഐറിൻ. അതു കൊണ്ടുതന്നെ കുടുംബാംഗങ്ങളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് നാട്ടുകാർക്കും അറിയില്ല. യാത്ര കഴിഞ്ഞു വരുമ്പോൾ ഏറെ സമ്മാനങ്ങളുമായെത്താമെന്ന് ഡൽഹിയിൽ ന്യൂക്ലിയർ സയൻസിന് പഠിക്കുന്ന അനിയത്തി റീത്തയോട് ഐറിൻ പറഞ്ഞിരുന്നു. ഇന്നലെ രാത്രി വൈകി ഐറിന്റെ മൃതദേഹവും വഹിച്ചുള്ള വാഹനമെത്തുമ്പോൾ വീടും പരിസരവും സങ്കടക്കടലായി മാറിക്കഴിഞ്ഞിരുന്നു.