Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ ‘യുവ ഇന്ത്യ’ പ്രസംഗം ‘യുവ കേരളം’ അറിഞ്ഞില്ല

Narendra Modi

തിരുവനന്തപുരം ∙ ‘യുവ ഇന്ത്യ, നവ ഇന്ത്യ’ എന്ന ആശയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഭാഷണത്തോടു കേരളത്തിലെ കലാലയങ്ങളിൽ സമ്മിശ്ര പ്രതികരണം. പ്രസംഗം എല്ലാ കോളജുകളിലും തൽസമയം കേൾപ്പിക്കണമെന്ന കേന്ദ്രനിർദേശം കേരളത്തിൽ മിക്കയിടത്തും നടപ്പായില്ല. കോളജുകൾ ഓണാവധി കഴിഞ്ഞ് ഇന്നലെയാണ് തുറന്നത് എന്നതിനാൽ വിവരം ലഭിച്ചില്ലെന്നാണു കോളജുകളുടെ വിശദീകരണം. സംസ്ഥാന സർക്കാരിന് ഇതുസംബന്ധിച്ച് അറിയിപ്പു ലഭിച്ചിട്ടില്ലെന്നു വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

കേരള സർവകലാശാല രാവിലെ ഒൻപതു മണിക്കാണു യുജിസി നിർദേശം കോളജുകൾക്കു കൈമാറിയത്. അവധിയായതിനാൽ യുജിസി നിർദേശം അറിഞ്ഞില്ലെന്നു കേരള സാങ്കേതിക സർവകലാശാലാ അധികൃതർ പറഞ്ഞു. എംജി സർവകലാശാലയിൽ പ്രസംഗം കേൾക്കാൻ വിപുലമായ സംവിധാനം ഏർപ്പെടുത്തിയിരുന്നുവെന്നാണു സർവകലാശാല അറിയിച്ചതെങ്കിലും പകുതിയിലധികം കോളജുകളിലും പ്രസംഗമുണ്ടായില്ല. കൊച്ചി ശാസ്ത്രസാങ്കേതിക, കാലടി സംസ്കൃത സർവകലാശാലകളിലും പ്രധാനമന്ത്രിയുടെ പ്രസംഗം കേൾപ്പിച്ചില്ല. എന്നാൽ, ഫിഷറീസ് സർവകലാശാല (കുഫോസ്) പ്രസംഗം കേൾക്കാൻ അവസരമൊരുക്കിയിരുന്നു.

പ്രഭാഷണത്തിന്റെ തത്സമയ സംപ്രേഷണം കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ബഹിഷ്‌കരിച്ചു. സർവകലാശാലയുടെ കീഴിലുള്ള ചുരുക്കം ചില കോളജുകളിൽ പരിപാടി നടന്നു. സർവകലാശാലയിലെ 30 പഠന വകുപ്പുകളിലും പരിപാടി നടന്നില്ല. യുജിസിയുടെയോ സർക്കാരിന്റെയോ നിർദേശം ലഭിച്ചില്ലെന്നു കണ്ണൂർ സർവകലാശാലാ അധികൃതർ പറഞ്ഞു. കാസർകോട് കേന്ദ്ര സർവകലാശാലയുടെ ആസ്ഥാനമായ പെരിയയിലും വിദ്യാനഗർ, പടന്നക്കാട് ക്യാംപസുകളിലും മാത്രം പ്രസംഗം കേൾപ്പിച്ചു.

related stories