Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാദിർഷാ പണം തന്നുവെന്നു സുനിൽകുമാർ; പൊലീസ് പറയിപ്പിക്കുന്നതെന്നു നാദിർഷാ

pulsur-suni-nadirshah

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) മൊഴികളിൽ നാദിർഷായ്ക്കെതിരായ പരാമർശങ്ങളെന്നു സൂചന. നടിയെ ഉപദ്രവിക്കുന്നതിനു മുന്നോടിയായി ദിലീപ് നിർദേശിച്ചതനുസരിച്ചു നാദിർഷാ 25,000 രൂപ തനിക്കു കൈമാറിയെന്നാണു സുനി പറയുന്നത്. ഇടുക്കി തൊടുപുഴയിലെ സിനിമാ ഷൂട്ടിങ് സ്ഥലത്തെത്തി തുക കൈപ്പറ്റിയെന്നാണു മൊഴി.

ഇതു കേസിൽ നാദിർഷായെ കുടുക്കാൻ പൊലീസ് കെട്ടിച്ചമയ്ക്കുന്ന ആരോപണമാണെന്നാണു പ്രതിഭാഗത്തിന്റെ നിലപാട്. എന്നാൽ, തുക കൈമാറിയതായി സുനിൽ പറയുന്ന ദിവസം തൊടുപുഴയിലെ മൊബൈൽ ഫോൺ ടവറിന്റെ പരിധിയിൽ സുനിൽ പ്രവേശിച്ചതിന്റെ റെക്കോർഡുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.

ദിലീപ് നിർദേശിച്ചതനുസരിച്ചു നാദിർഷാ നൽകിയതായി പറയുന്ന 25,000 രൂപ എങ്ങനെ വിനിയോഗിച്ചുവെന്നു തെളിവു സഹിതം പൊലീസിനെ ബോധിപ്പിക്കാൻ സുനിലിനു കഴിഞ്ഞാൽ ഈ വെളിപ്പെടുത്തലിനു ഗൗരവമേറും. ദിലീപ് പറഞ്ഞിട്ടാണു സുനിൽകുമാറിനു പണം നൽകിയതെന്നു മൊഴി നൽകാൻ അന്വേഷണ സംഘം നേരത്തെ തന്നെ പ്രേരിപ്പിച്ചതായി നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നുണ്ട്. സുനിൽ പറയുന്നതാണോ നാദിർഷാ പറയുന്നതാണോ വസ്തുതയെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.

ഇതിനിടെ സുനിലിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ വെണ്ണലയിലെ പാർപ്പിട കോളനിയിൽ നടി കാവ്യാ മാധവന്റെ വില്ലയിൽ പൊലീസ് പരിശോധന നടത്തി. ഈ വില്ലയിൽ കാവ്യയുടെ കുടുംബത്തെ പല തവണ സന്ദർശിച്ചിട്ടുണ്ടെന്നു സുനിൽ മൊഴി നൽകിയിരുന്നു. ഓരോ തവണ സന്ദർശിക്കുമ്പോഴും കോളനിയുടെ സെക്യൂരിറ്റി കാബിനിലെ റജിസ്റ്ററിൽ പേരും ഫോൺ നമ്പറും എഴുതി ഒപ്പിട്ടിരുന്നതായും മൊഴിയിലുണ്ട്. ഇതു പരിശോധിക്കാൻ പാർപ്പിട കോളനിയിലെത്തിയ പൊലീസിനു റജിസ്റ്റർ പരിശോധിക്കാൻ കഴിഞ്ഞില്ല.

റജിസ്റ്ററിൽ സുനിൽ പേരെഴുതി ഒപ്പുവച്ചതായി പറയുന്ന പേജുകൾ മഴവെള്ളം വീണ് അവ്യക്തമായതായി സെക്യൂരിറ്റി ജീവനക്കാർ പൊലീസിനോടു പറഞ്ഞു. ഇതിന്റെ സത്യാവസ്ഥ പൊലീസ് പരിശോധിച്ചുവരുന്നു ഇതിനിടെ കേസുമായി ബന്ധപ്പെട്ടു ചലച്ചിത്ര പ്രവർത്തകനായ ആലപ്പി അഷ്റഫിന്റെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തി. കേസിൽ അറസ്റ്റ് ഭയന്നു നാദിർഷാ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഗുരുതരമായ ആരോപണങ്ങളാണു പൊലീസിനെതിരെ ഉന്നയിച്ചിട്ടുള്ളത്. ഇതിനു പ്രോസിക്യൂഷൻ ഇന്നു മറുപടി നൽകും. റിമാൻഡിൽ കഴിയുന്ന നടൻ ദിലീപും ഈ ദിവസങ്ങളിൽ വീണ്ടും ജാമ്യപേക്ഷ സമർപ്പിക്കും.

related stories