Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ. അലക്‌സിസ് പ്രേംകുമാർ; തീവ്രവാദി കസ്റ്റഡിയിൽ 266 ദിവസം

fr-alexis അഫ്ഗാനിസ്ഥാനിലെ തീവ്രവാദികളുടെ പിടിയിൽ നിന്നു മോചിതനായ ഫാ. അലക്സിസ് പ്രേംകുമാർ ന്യൂഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ (ഫയൽചിത്രം)

ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടു പോകുന്നതിനു രണ്ടു വർഷം മുൻപു സമാനമായ രീതിയിൽ ഇന്ത്യക്കാരനായ മറ്റൊരു വൈദികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി എട്ടു മാസത്തിനു ശേഷം മോചിപ്പിച്ചിരുന്നു. അഫ്‌ഗാനിസ്‌ഥാനിലെ ഹെറാത്ത് പ്രവിശ്യയിൽ സൊഹാദത്ത് ഗ്രാമത്തിൽ നിന്നു 2014 ജൂൺ രണ്ടിനു തമിഴ്നാട്ടുകാരനായ ജെസ്യൂട്ട് വൈദികൻ ഫാ. അലക്‌സിസ് പ്രേംകുമാർ ആന്റണിസാമിയെയാണ് തട്ടിയെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ഇടപെട്ട ശേഷം 2015 ഫെബ്രുവരി 22നാണ് ഫാ. അലക്‌സിസ് മോചിതനായത്. ജെസ്യൂട്ട് അഭയാർഥി സേവനകേന്ദ്രം ഡയറക്‌ടറും തമിഴ്‌നാട് ശിവഗംഗ ദേവകോട്ട വാരിയൻവയൽ സ്വദേശിയുമായ ഫാ. അലക്‌സിസിനെ ആറംഗ സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നു.

താലിബാനാണു പിന്നിലെന്നായിരുന്നു നിഗമനം. വിദ്യാഭ്യാസ സേവനരംഗത്തു പ്രവർത്തിക്കുന്ന ജെസ്യൂട്ട് റഫ്യൂജി സർവീസ് (ജെആർഎസ്) എന്ന സന്നദ്ധസംഘടനയുടെ അഫ്‌ഗാൻ ഡയറക്‌ടറായി മൂന്നു വർഷമായി പ്രവർത്തിക്കുകയായിരുന്നു അലക്‌സിസ്. സൊഹാദത്ത് ഗ്രാമത്തിലെ സ്‌കൂൾ സന്ദർശിക്കാൻ പോയതായിരുന്നു അലക്‌സിസിന്റെ നേതൃത്വത്തിലുള്ള സംഘം. ഹെറാത്തിലെ ഇന്ത്യൻ കോൺസുലേറ്റ് ഭീകരർ ആക്രമിച്ച് ഒരാഴ്‌ച പിന്നിടുന്നതിനു മുൻപായിരുന്നു തട്ടിക്കൊണ്ടുപോകൽ.