Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞം പദ്ധതി: സർക്കാരിന്റെ വിശദീകരണം തേടി കോടതി

Vizhinjam-port-1

കൊച്ചി ∙ വിഴിഞ്ഞം പദ്ധതിക്കരാർ ഒപ്പുവച്ചതിന്റെ വാണിജ്യപരമായ പരിഗണനകളും നേട്ടങ്ങളും എന്തായിരുന്നുവെന്നു ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. കരാർ നടപ്പാകുന്ന ആദ്യദിനം മുതൽ സർക്കാരിനു നഷ്ടമുണ്ടാകുമെന്നു സിഎജി റിപ്പോർട്ടിലുണ്ടെന്ന് ആരോപിച്ചാണു ഹർജി. ഹർജിയിൽ ഉന്നയിക്കുന്ന വിഷയം അതീവ ഗൗരവമേറിയതാണെന്നു കോടതി പറഞ്ഞു. കേസ് പിന്നീടു പരിഗണിക്കാൻ മാറ്റി.

മുൻ സർക്കാർ അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാർ സംസ്ഥാന താൽപര്യത്തിന് അനുസൃതമായി തിരുത്തണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം നൽകിയ പൊതുതാൽപര്യ ഹർജിയാണു കോടതിയിൽ. കരാറിനു പിന്നിൽ സാമ്പത്തിക ഇടപാടുണ്ടോ എന്നു സിബിഐ / മറ്റു ദേശീയ ഏജൻസികൾ അന്വേഷിക്കണമെന്നു ഹർജിയിൽ പറയുന്നു. സ്വകാര്യ കമ്പനിക്ക് എല്ലാം വിൽക്കുകയാണു സർക്കാർ ചെയ്യുന്നതെന്ന് ഹർജിയിൽ ആക്ഷേപമുണ്ട്.

സ്വകാര്യ പങ്കാളിത്ത പദ്ധതികളിൽ സാധാരണ 30 വർഷം സാമ്പത്തിക ഇളവ് അനുവദിക്കുമ്പോൾ, വിഴിഞ്ഞം പദ്ധതിയിൽ അദാനി ഗ്രൂപ്പിനു 40 വർഷത്തെ ഇളവ് അനുവദിച്ചതുൾപ്പെടെ കരാറിലെ പോരായ്മകൾ സിഎജി ചൂണ്ടിക്കാട്ടിയതു ഹർജിഭാഗം ശ്രദ്ധയിൽപ്പെടുത്തി. റിപ്പോർട്ട് സഭയിൽ വച്ചപ്പോൾ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചെന്നാണു സർക്കാർ അറിയിച്ചത്. സ്വകാര്യ കമ്പനിക്കു വൻലാഭമുണ്ടാക്കാൻ സഹായകമായ കരാറിനെക്കുറിച്ച് സിബിഐ / ദേശീയ ഏജൻസിയുടെ അന്വേഷണത്തിനു കോടതി മേൽനോട്ടം വഹിക്കണം.

സുപ്രീംകോടതി ജഡ്ജിയുടെ തുല്യപദവിയുള്ള സിഎജിയുടെ കണ്ടെത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച കമ്മിഷനെ പിരിച്ചുവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.