Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടകംപള്ളിയുടെ ഗുരുവായൂർ ദർശനം: സിപിഎം വിശദീകരണം തേടും

kadakampally-surendran അഷ്ടമിരോഹിണി ദിനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയപ്പോൾ.

തിരുവനന്തപുരം∙ ദേവസ്വം മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയതു സംബന്ധിച്ചു പാർട്ടി വിശദീകരണം തേടുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ‘വാർത്തകൾ ശരിയാണോയെന്നു കടകംപള്ളി പറയട്ടെ. വിശദീകരണത്തിന്റെ അടിസ്ഥാനത്തിലേ പാർട്ടിക്ക് ഇക്കാര്യത്തിൽ പ്രതികരണം നടത്താൻ കഴിയൂ. മാധ്യമങ്ങളിൽ വന്ന വാർത്തകൾ വായിച്ചുള്ള അറിവു മാത്രമേ ഇക്കാര്യത്തിലുള്ളു’. കോടിയേരി പറഞ്ഞു. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്തേക്കും.

പാർട്ടി നേതാക്കൾ പറയുന്നത്:

നേതാക്കൾ പുലർത്തേണ്ട രീതിയല്ല

മാധ്യമ റിപ്പോർട്ടുകൾ മാത്രമേ അറിയൂ. അതു കണക്കിലെടുത്താൽ പാർട്ടി നേതാക്കൾ പുലർത്തേണ്ട രീതിയല്ലെന്ന സംശയം ഉയരാം എന്നാണു നേതാക്കളുടെ പൊതുവായുള്ള പ്രതികരണം.

ഇഎംഎസ് അക്കാദമിയിലെ വനിതാമുന്നണിയുടെ പഠനക്ലാസിൽ വൈരുധ്യാത്മക ഭൗതികവാദം വിശദീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദനോട് പഠിതാക്കൾ ഈ വിഷയം ചൂണ്ടിക്കാട്ടി. കടകംപള്ളി തൊഴുതു നിൽക്കുന്ന ചിത്രങ്ങളും അവർ ഫോണിൽ കാണിച്ചു കൊടുത്തു. ക്ഷേത്രാചാരങ്ങളുടെ ഭാഗമാകുന്നതു പാർട്ടി അംഗീകരിക്കുന്നതല്ലെന്ന് എം.വി.ഗോവിന്ദൻ മറുപടി നൽകി.

തെറ്റുതിരുത്തൽ രേഖയുടെ ലംഘനം?

സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തെറ്റുതിരുത്തൽ രേഖയനുസരിച്ചു പാർട്ടി ഭാരവാഹികളും പ്രധാന നേതാക്കളും ജില്ലാ – സംസ്ഥാനകമ്മിറ്റി അംഗങ്ങളുമെല്ലാം വിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളിൽനിന്നു വിട്ടുനിൽക്കണം. മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കാനോ വ്യക്തിപരമായി അതിൽ ഭാഗഭാക്കാകാനോ പാടില്ല. പുറത്തൊന്നും അകത്തു മറ്റൊന്നും എന്ന രീതി അനുവദനീയമല്ല. 

കടകംപള്ളി ക്ഷേത്രത്തിൽ

അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരിലെത്തിയ കടകംപള്ളി ഷർട്ട് ഊരി ക്ഷേത്രത്തിൽ പ്രവേശിക്കുകയും ഗുരുവായൂരപ്പനെ തൊഴുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളുടെ പേരിൽ വഴിപാടും കഴിപ്പിച്ചു. വൈകിട്ടു ചേർന്ന സമ്മേളനത്തിൽ ‘ഇതു ധന്യവും മനോഹരവുമായ നിമിഷങ്ങൾ’ എന്നു മന്ത്രി വാചാലനായി.

∙ 'ദേവസ്വം മന്ത്രിയെന്ന ഉത്തരവാദിത്തമാണു നിർവഹിച്ചത്. ഓരോ ക്ഷേത്രത്തിൽ പോകുമ്പോഴും അവിടുത്തെ ആചാരങ്ങൾക്ക് അനുസൃതമായാണു പ്രവർത്തിച്ചിട്ടുള്ളത്. കേരളത്തിലെ ക്ഷേത്രങ്ങളുടെ സംരക്ഷണമാണു കർത്തവ്യം. അതിനു ഭംഗം വരുമ്പോഴേ വിമർശിക്കേണ്ട കാര്യമുള്ളൂ. കൈകൂപ്പിയതു മര്യാദയുടെ കൂടി ഭാഗമാണ്. തനിക്കു ഭക്തിയുണ്ടോ വിഭക്തിയുണ്ടോ എന്നതു ചർച്ച ചെയ്യേണ്ട സമയമല്ല. ഗുരുവായൂർ ക്ഷേത്രത്തിൽ പോയി അഹങ്കാരം കാണിച്ചാൽ നാളെ അതാകും ആരോപണം.' - മന്ത്രി കടകംപള്ളി സുരേന്ദ്രൻ

related stories