Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയജാഥയുമായി യുഡിഎഫും; രമേശ് ചെന്നിത്തല നയിക്കും, ജാഥ നവംബർ ഒന്നു മുതൽ

udf-logo

തിരുവനന്തപുരം∙ പാർലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രചാരണവുമായി യുഡിഎഫും. പ്രതിപക്ഷ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സംസ്ഥാനജാഥ നടത്താൻ യു‍ഡിഎഫ് നേതൃയോഗം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥ നവംബർ ഒന്നിനു മഞ്ചേശ്വരത്തു നിന്നാരംഭിച്ചു ഡിസംബർ ഒന്നിനു തിരുവനന്തപുരത്തു സമാപിക്കും. എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.

എൽഡിഎഫും ബിജെപിയും രാഷ്ട്രീയയാത്രകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണു യുഡിഎഫും രംഗത്തിറങ്ങുന്നത്. ജാഥയ്ക്കു മുന്നോടിയായി എല്ലാ ജില്ലകളിലും പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന നേതൃയോഗങ്ങൾ 18 മുതൽ 22 വരെ നടക്കും. ജാഥയുടെ ഏകോപനത്തിനു വി.ഡി.സതീശൻ കൺവീനറും എം.കെ.മുനീർ, വർഗീസ് ജോർജ്, എൻ.കെ.പ്രേമചന്ദ്രൻ, ജോണി നെല്ലൂർ, സി.പി.ജോൺ, ജി.ദേവരാജൻ എന്നിവർ അംഗങ്ങളുമായി ഉപസമിതി രൂപീകരിച്ചു. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ദുർനയങ്ങൾക്കും നടപടികൾക്കുമെതിരായുള്ള വൻ പ്രചാരണ പരിപാടിയായിരിക്കും ജാഥയെന്നു ചെന്നിത്തല പറഞ്ഞു.

ഒക്ടോബർ അഞ്ചിനു സെക്രട്ടേറിയറ്റിനും ജില്ലാ കലക്ടറേറ്റുകൾക്കും മുന്നിൽ ധർണ നടത്തും. പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവന്നു വില കുറയ്ക്കണമെന്നു യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. ഇന്ധനവിലയുടെ പേരിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണ്. മുൻ യുഡിഎഫ് സർക്കാർ ഇന്ധനവിലയുടെ അധിക നികുതി വേണ്ടെന്നു വച്ചതിലൂടെ 619 കോടി രൂപ ഇളവു ചെയ്തു. എന്നാൽ, അധിക നികുതി സമ്പാദിക്കുകയാണ് ഇടതുസർക്കാർ ചെയ്തത്. ആന്ധ്രയിൽ നിന്ന് അരി കൊണ്ടുവരാൻ പോയ മന്ത്രി തിലോത്തമനെ പിന്നെ കണ്ടിട്ടില്ല. അരി വന്നതുമില്ല. വികസനരംഗം സ്തംഭിച്ചു. യുഡിഎഫിന്റെ വൻകിട പദ്ധതികളെല്ലാം മെല്ലെപ്പോക്കിലാണ്.

ബാറുകൾ തുടങ്ങുന്നതിനുള്ള ദൂരപരിധി കുറച്ചതിനു പിന്നിൽ അഴിമതിയുണ്ടെന്നു ചെന്നിത്തല ആരോപിച്ചു. 280 ബാറുകളടക്കം 466 മദ്യഷാപ്പുകളാണു സർക്കാർ തുറന്നത്. മദ്യമുതലാളിമാരിൽനിന്നു തിരഞ്ഞെടുപ്പുസമയത്തു സ്വീകരിച്ച കോടികൾക്കുള്ള പ്രത്യുപകാരമാണിത്. ബിജെപിയോടും ആർഎസ്എസിനോടുമുള്ള മൃദുസമീപനം മൂലം മതന്യൂനപക്ഷങ്ങൾ ആശങ്കയിലാണ്. ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി സ്വാശ്രയ ലോബി അഴിഞ്ഞാടി. അഴിമതിക്കേസുകൾ ഏഴുതിത്തള്ളുകയെന്ന ദൗത്യമാണ് ഇപ്പോൾ വിജിലൻ‍സിന്. സർക്കാർ സമ്പൂർണ പരാജയമാണെന്നു യുഡിഎഫ് വിലയിരുത്തിയെന്നും ചെന്നിത്തല പറഞ്ഞു.

related stories