Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ. ടോമുമായി സുഷമ ഫോണിൽ സംസാരിച്ചു

ന്യൂഡൽഹി∙ ഭീകരരുടെ പിടിയിൽനിന്നു മോചിതനായി റോമിൽ വിശ്രമിക്കുന്ന ഫാ. ടോം ഉഴുന്നാലിലുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഫോണിൽ സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ഫാ. ടോം നന്ദി പറഞ്ഞതായി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ഫാ. ടോമിന്റെ മോചനത്തിനുള്ള ഇടപെടലുകൾക്ക് ഒമാൻ, യെമൻ സർക്കാരുകൾക്ക് വിദേശകാര്യ മന്ത്രി നന്ദി പറഞ്ഞു. എന്നാൽ, മോചന നടപടിയെക്കുറിച്ചു നരേന്ദ്ര മോദി പ്രതികരിച്ചിട്ടില്ല. 

വിഷയത്തിൽ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചിട്ടില്ല. എന്നാൽ, മോചനകാര്യത്തിൽ ഇടപെടുന്നതിൽ കേന്ദ്ര സർക്കാരിന് ഉണ്ടായിരുന്ന പരിമിതികളെക്കുറിച്ചു തങ്ങൾക്കു ബോധ്യമുണ്ടെന്നാണു കത്തോലിക്കാ സഭാവൃത്തങ്ങൾ പറയുന്നത്. പശ്‌ചിമേഷ്യൻ രാജ്യങ്ങളിലെ നേതാക്കളിൽനിന്നു ലഭിച്ച വിവരങ്ങളൊക്കെയും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും തങ്ങളെ അറിയിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പുറമെ, മുഖ്യമന്ത്രി പിണറായി വിജയനും വിഷയം കേന്ദ്ര സർക്കാരിനോട് ഉന്നയിച്ചിരുന്നു.

കേരളത്തിൽനിന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യനും ജോയ് ഏബ്രഹാമിനും ജോസ് കെ.മാണിക്കും പുറമെ ആന്റോ ആന്റണിയും കെ.സി.വേണുഗോപാലും വിഷയം പാർലമെന്റിൽ പല തവണ ഉന്നയിച്ചിരുന്നു. ഇവരുടെയെല്ലാം ശ്രമങ്ങളെ നന്ദിയോടെ സ്‌മരിക്കുന്നുവെന്നു സഭാവൃത്തങ്ങൾ പറഞ്ഞു.