Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിയുടെ ദർശന വിവാദം സംസ്ഥാന കമ്മിറ്റിയിലേയ്ക്ക്; സംസ്ഥാന സെക്രട്ടേറിയറ്റിൽ ഭിന്നസ്വരം

kadakampally-surendran

തിരുവനന്തപുരം∙ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ‘ഗുരുവായൂർ ദർശന വിവാദത്തിന്മേൽ’ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീർപ്പാക്കും. 28, 29 തീയതികളിൽ കമ്മിറ്റി ചേരും. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം പ്രാഥമികമായി വിശകലനം ചെയ്തു. കടകംപള്ളി ഇക്കാര്യത്തിൽ നൽകിയ വിശദീകരണത്തിന്റെ ചുരുക്കം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ചു. ദേവസ്വം മന്ത്രിയെന്ന നിലയിൽ ക്ഷേത്രസന്ദർശന വേളകളിൽ കടകംപള്ളി സ്വീകരിച്ചുവരുന്ന ശൈലിയിതാണെന്നാണു കോടിയേരി പറഞ്ഞത്.

നൂറിലധികം ക്ഷേത്രങ്ങളിൽ ഇതുവരെ പോയിട്ടുണ്ട്. ഗുരുവായൂരിൽ ഇതിനു മുൻപ് ഏഴുതവണ പോയെങ്കിലും അകത്തു കയറിയിരുന്നില്ല. സർക്കാരും ദേവസ്വം ബോർഡും തമ്മിലെ പ്രശ്നങ്ങൾ ക്ഷേത്രത്തെ ബാധിക്കുന്നുവെന്ന പരാതിയുണ്ടായതിനെത്തുടർന്നു വിശദമായ ചർച്ചകൾക്കും പരിശോധനകൾക്കുമായി പോയതുകൊണ്ടാണ് ഇത്തവണ അകത്തുകയറിയത്. ഷർട്ടഴിച്ചേ ഇതു ചെയ്യാവൂവെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. അകത്തു കയറിയപ്പോൾ അമ്പലത്തിനുള്ളിൽ സ്വീകരിക്കേണ്ട രീതി പിന്തുടർന്നു. ഗുരുവായൂരായതിനാൽ മാധ്യമശ്രദ്ധ ലഭിക്കുകയും വിവാദമാകുകയും ചെയ്യുകയായിരുന്നുവെന്നും കടകംപള്ളിയുടെ വിശദീകരണമായി കോടിയേരി അറിയിച്ചു. സെക്രട്ടേറിയറ്റിൽ ഇക്കാര്യത്തിൽ ഭിന്ന പ്രതികരണങ്ങളുണ്ടായതായാണു വിവരം.

ഭക്തിപ്രകടനം അൽപം കൂടിയോയെന്ന സംശയമാണു പലരും പങ്കുവച്ചത്. പാർട്ടി സംസ്ഥാനകമ്മിറ്റി അംഗത്തിനു ചേരാത്ത ശൈലിയാണെന്ന നിരീക്ഷണവും ഉയർന്നു. മന്ത്രിയെന്ന നിലയിലെ പരിമിതികൾ മറുവാദമായും വന്നു. കടകംപള്ളിയുടെ പാർട്ടി ഘടകമായ സംസ്ഥാന കമ്മിറ്റിയുടെ കൂടി അഭിപ്രായം തേടി പ്രശ്നം തീർക്കാനാണു ധാരണ. മന്ത്രി രേഖാമൂലം ഇതുവരെ വിശദീകരണം നൽകിയതായി വിവരമില്ല. കോടിയേരി ഫോണിൽ വിവരങ്ങൾ ചോദിക്കുകയായിരുന്നു.

related stories