Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡി സിനിമാസ്: കയ്യേറ്റമില്ലെന്ന രേഖകൾ ഹാജരാക്കാനായില്ല

തൃശൂർ ∙ ചാലക്കുടി ഡി സിനിമാസിന്റെ ഭൂമിയിൽ കയ്യേറ്റമില്ലെന്നു തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കാൻ ദിലീപിന്റെ അഭിഭാഷകനു കഴിഞ്ഞില്ല. ഭൂമി തങ്ങളുടേതെന്ന് അവകാശപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് കലക്ടർക്കു കത്തുനൽകി. ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടുണ്ടെന്ന കേസിൽ കലക്ടറുടെ ചേംബറിൽ നടന്ന ഹിയറിങ്ങിലാണ് ബോർഡ് കത്ത് നൽകിയത്. 26ന് നടക്കുന്ന അന്തിമ ഹിയറിങ്ങിൽ കയ്യേറ്റമില്ലെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്നു കലക്ടർ ദിലീപിന്റെ അഭിഭാഷകനു കർശന നിർദേശം നൽകി.

ഡി സിനിമാസ് പ്രവർത്തിക്കുന്ന ഭൂമിയും തൊട്ടടുത്തുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഭൂമിയും നേരത്തെ വലിയ കോവിലകം തമ്പുരാന്റെ പേരിലുള്ള വെറുംപാട്ട വസ്തുവാണെന്നും ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നുമാണ് ബോർഡിന്റെ കത്തിന്റെ ചുരുക്കം. എന്നാൽ, ഭൂമിയിൽ കയ്യേറ്റമില്ലെന്നു തെളിയിക്കാൻ ആവശ്യമായ രേഖകളൊന്നും ഹാജരാക്കാൻ ഇന്നലെയും ദിലീപിന്റെ അഭിഭാഷകനു കഴിഞ്ഞില്ല.

ദിലീപ് ജയിലിലായതിനാലാണ് രേഖകൾ ഹാജരാക്കാൻ കഴിയാത്തതെന്ന് അഭിഭാഷകൻ കലക്ടറെ അറിയിച്ചു. എന്നാൽ, ദിലീപ് രേഖകളുമായല്ലല്ലോ ജയിലിലേക്കു പോയതെന്നായിരുന്നു കലക്ടറുടെ മറുപടി. അടുത്ത ഹിയറിങ്ങിൽ നിർബന്ധമായും രേഖകൾ ഹാജരാക്കണമെന്നും നിർദേശിച്ചു. ഇതിനുശേഷമേ അന്തിമ തീരുമാനം കലക്ടർ പ്രഖ്യാപിക്കൂ. ഭൂമി കയ്യേറ്റത്തിനും തിയറ്റർ നിർമിച്ചതിനും പുറകിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ സിബിഐ അന്വേഷിക്കണമെന്നുകാട്ടി ബാബു ജോസഫ് പുത്തനങ്ങാടി കലക്ടർക്കു നിവേദനം നൽകിയിട്ടുണ്ട്.

related stories