Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് അങ്കമാലി കോടതിയിൽ ജാമ്യഹർജി നൽകി

അങ്കമാലി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ റിമാൻഡ് പ്രതിയായ നടൻ ദിലീപ് മജിസ്ട്രേട്ട് കോടതിയിൽ ജാമ്യാപേക്ഷ നൽകി. അപേക്ഷ നാളെ പരിഗണിക്കും. റിമാൻഡിൽ 60 ദിവസം കഴിഞ്ഞതിനാൽ സോപാധിക ജാമ്യം അനുവദിക്കണമെന്ന് ദിലീപ് അപേക്ഷയിൽ പറയുന്നു.

പ്രതിയെ 90 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിച്ചു തെളിവുകൾ ശേഖരിക്കാനും സാക്ഷി മൊഴികൾ രേഖപ്പെടുത്താനും അന്വേഷണ സംഘത്തിനു നിയമപരമായ അവകാശമുണ്ടെന്നാണു പൊലീസിന്റെ നിലപാട്. ഇതിനിടെ, കെ.ബി. ഗണേഷ്കുമാർ എംഎൽഎ അടക്കമുള്ളവർക്കു ജയിലിൽ ദിലീപിനെ സന്ദർശിക്കാൻ ചട്ടം ലംഘിച്ചു അനുവാദം നൽകിയെന്ന പൊലീസിന്റെ പരാതിയിൽ മജിസ്ട്രേട്ട് ആലുവ സബ്ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് വാങ്ങി.

സന്ദർശനങ്ങൾ ജയിൽ നിയമങ്ങൾ പാലിച്ചാണെന്ന റിപ്പോർട്ടാണ് സൂപ്രണ്ട് സമർപ്പിച്ചത്. നടിയെ ഉപദ്രവിച്ച കേസ് സംബന്ധിച്ചു ഗണേഷ്കുമാർ ജയിൽ സന്ദർശനശേഷം സംസാരിച്ചിട്ടില്ലെന്നാണു സൂപ്രണ്ടിന്റെ റിപ്പോർട്ട്. സബ്ജയിൽ സന്ദർശക ഡയറി വരുത്തി കോടതി പരിശോധിച്ചു. ഈ മാസം രണ്ടു മുതൽ അഞ്ചുവരെ ദിലീപിനെ ജയിലിൽ സന്ദർശിച്ചവരുടെ പട്ടിക കോടതി വാങ്ങി. ജയിൽ സന്ദർശനശേഷം പുറത്തിറങ്ങിയ ഗണേഷ്കുമാർ എംഎൽഎ നടത്തിയ പ്രസ്താവനകൾ വിവാദമായത് അന്വേഷണസംഘം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

related stories