Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി മെട്രോ രണ്ടാം ഘട്ടം: പദ്ധതി റിപ്പോർട്ട് കേന്ദ്രം തിരിച്ചയച്ചു

Kochi Metro Rail Limited (KMRL)

കൊച്ചി ∙ കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനു തിരിച്ചടി. കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള മെട്രോ വികസനത്തിനു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സമർപ്പിച്ച പദ്ധതി റിപ്പോർട്ട് കേന്ദ്രം തിരിച്ചയച്ചു. 11.7 കിലോമീറ്റർ വരുന്ന ഇൻഫോപാർക്ക് റൂട്ടിൽ മെട്രോയ്ക്കു പുറമെ മറ്റു പൊതുഗതാഗത സംവിധാനങ്ങൾ സാധ്യമാണോ എന്നുകൂടി നിർദേശിച്ചുള്ള റിപ്പോർട്ട് നൽകാനാണു കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നിർദേശം. ഇൗ സാധ്യതകൾ പരിഗണിച്ചശേഷമേ മെട്രോ രണ്ടാംഘട്ടത്തിന് അനുമതി ലഭിക്കൂ.

പുതിയ മെട്രോ നയം വന്നശേഷം കൊച്ചി, വിജയവാഡ മെട്രോകളുടെ അനുമതിയാണു കേന്ദ്ര നഗരവികസന മന്ത്രാലയം ആദ്യമായി പരിഗണിച്ചത്. വിജയവാഡ മെട്രോയുടെ അപേക്ഷയും തിരിച്ചയച്ചു. പുതിയ നയത്തിനനുസരിച്ചു പ്രോജക്ട് റിപ്പോർട്ടിൽ മാറ്റം വരുത്തി അയയ്ക്കാനാണു രണ്ടു മെട്രോകളോടും ആവശ്യപ്പെട്ടിട്ടുള്ളത്. പുതിയ മെട്രോ നയം രൂപീകരിക്കാൻ കേന്ദ്രം കൊച്ചി മെട്രോയെയാണു മാതൃകയാക്കിയത് എന്നതിനാൽ രണ്ടാംഘട്ട വികസനത്തിന് അനുമതി വൈകില്ലെന്നായിരുന്നു പ്രതീക്ഷ.

പദ്ധതിയെ സംബന്ധിച്ച് ആശങ്കയില്ലെന്നു കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് പറഞ്ഞു. ഒന്നോ രണ്ടോ മാസത്തെ വൈകലേ ഇതുമൂലം ഉണ്ടാകാനിടയുള്ളൂ. മെട്രോയെക്കാൾ എളുപ്പത്തിൽ പൂർത്തിയാക്കാവുന്നതും ചെലവു കുറഞ്ഞതുമായ പൊതുഗതാഗത സംവിധാനം സാധ്യമാണോ എന്ന പരിശോധന മാത്രമാണ് ഉദ്ദേശിക്കുന്നത്. മെട്രോയുടെ രണ്ടാംഘട്ടമെന്ന നിലയിൽ ഇൻഫോപാർക്ക് റൂട്ടിനു പ്രത്യേക പരിഗണന ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലൂർ രാജ്യാന്തര സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ 2520 കോടി രൂപ മുടക്കി മെട്രോ നിർമിക്കുന്നതിനെക്കാൾ എളുപ്പത്തിൽ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ മാർഗമുണ്ടോ എന്നാണു കേന്ദ്രം പരിശോധിക്കുക.