Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴ: അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

Attappadi-Landslide കനത്ത മഴയിൽ അട്ടപ്പാടി ചുരത്തിലുണ്ടായ മണ്ണിടിച്ചിൽ.

മണ്ണാർക്കാട്∙കനത്ത മഴയിൽ അട്ടപ്പാടി ചുരത്തിൽ മരം വീണും മണ്ണിടിഞ്ഞും മൂന്ന് മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ആനമൂളിയിൽ കനത്ത മലവെള്ളപ്പാച്ചിലിൽ വീടുകളിൽ വെള്ളം കയറി. ചുരത്തിലെ മന്തംപ്പൊട്ടിതോട് കോസ്‌വെ വെള്ളത്തിനടിയിലായി.

ഇന്നലെ രണ്ടോടെയാണ് അട്ടപ്പാടി ചുരത്തിൽ പലയിടങ്ങളിലായി മണ്ണിടിഞ്ഞും മരം വീണും ഗതാഗതം മുടങ്ങിയത്.ആറാം വളവിൽ മുളങ്കൂട്ടം കടപുഴകി റോഡിലേക്ക് മറിഞ്ഞു. എട്ടാം വളവിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിന്റെ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞിട്ടുണ്ട്.

ചുരത്തിൽ കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. മന്തംപ്പൊട്ടിതോട് കരകവിഞ്ഞ് റോഡ് വെള്ളത്തിലായി. മണിക്കൂറുകളോളം ഇരു കരകളിലും വാഹനങ്ങൾ നിർത്തിയിട്ടു.

നൂറു കണക്കിനു വാഹനങ്ങളാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം ചുരത്തിൽ കുടുങ്ങിയത്. മണ്ണാർക്കാട് നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേന പ്രവർത്തകർ എത്തി അഞ്ചരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. മേലെ ആനമൂളി, താഴെ ആനമൂളി എന്നിവിടങ്ങളിൽ റോഡിനു താഴെയുള്ള വീടുകളിലേക്ക് വ്യാപകമായി മലവെള്ളം ഒഴുകിയെത്തി.

വീട്ടു സാധനങ്ങൾ ഒഴുകിപ്പോയി. വനത്തിനുള്ളിൽ ഉരുൾ പൊട്ടിയതായി പ്രചരിച്ചെങ്കിലും ഉരുൾപൊട്ടിയതായി വിവരമില്ലെന്ന് നാട്ടുകാർ പറഞ്ഞു. അതിശക്തമായ മഴയിൽ തോടുകൾ ഗതി മാറി ഒഴുകിയതാണു വീടുകളിലേക്കു വെള്ളം കയറാൻ ഇടയാക്കിയത്. ആനമൂളിയിലെ പൊതിയിൽ ബാപ്പുവിന്റെ    ഹോട്ടലിലേക്കു  വെള്ളം കയറി പാത്രങ്ങൾ ഒഴുകിപ്പോയി.

നെടിയംപാറ ജോർജ്, വാസു, വെള്ളാഞ്ചീരി മൊയ്തു, പുന്നക്കാടൻ സെയ്തലവി, വേളക്കാടയൻ സമദ്, കൂരിമണ്ണിൽ ഇസ്ഹാഖ്, കോൽക്കാട്ടിൽ അബ്ദുൽ ഖാദർ എന്നിവരുടെ വീടുകളിൽ വെള്ളം കയറി.

തഹസിൽദാർ ചന്ദ്രശേഖര കുറുപ്പിന്റെ നേതൃത്വത്തിൽ റവന്യു അധികൃതർ സ്ഥലത്ത് എത്തി.