Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുരുത്തിക്കു സമീപം ബസുകൾ കൂട്ടിയിടച്ചു; ഓടിമാറിയ വഴിയാത്രക്കാരി ഓടയിൽ

KTM-Acciden-t എംസി റോഡിൽ കുര്യനാട്ടും പട്ടിത്താനത്തും ഉണ്ടായ വാഹനാപകടങ്ങൾ. കുര്യനാട്ട് കാർ വൈദ്യുത തൂണിൽ ഇടിച്ചാണ് അപകടം. പട്ടിത്താനത്ത് രണ്ടു കാറുകൾ കൂട്ടിയിടിച്ചു.

ചങ്ങനാശേരി ∙എംസി റോഡിൽ തുരുത്തിക്കു സമീപം അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണംവിട്ടു മരത്തിൽ ഇടിച്ചശേഷം കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി. സംഭവസമയത്തു ബസ് സ്റ്റോപ്പിൽ നിന്ന വീട്ടമ്മയെ കാണാതായതു പരിഭ്രാന്തി പരത്തി. അരമണിക്കൂറിനുശേഷം സമീപത്തെ ഓടയിൽനിന്നു കണ്ടെത്തി. അപകടത്തിൽ വീട്ടമ്മയടക്കം 17 പേർക്കു പരുക്കുണ്ട്. ആരുടെയും നില ഗുരുതരമല്ല. 

പരുക്കേറ്റവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി,  ജില്ലാ ആശുപത്രി, ചങ്ങനാശേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ്. 

രാവിലെ 6.45നു തുരുത്തി പുന്നമൂട് കവലയിലെ ബസ് ബേയുടെ സമീപത്താണ് അപകടം. കോട്ടയത്തുനിന്നു തിരുവല്ലയിലേക്കുള്ള ‘മാത്യൂസ്’  ബസ് പുന്നമൂടു കവലയിൽ നിർത്താൻ ശ്രമിക്കുന്നതിനിടെ സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു. പിന്നിലേക്കു തെറിച്ച ബസ് എതിർദിശയിൽനിന്നുള്ള  കെഎസ്ആർടിസി ബസിൽ ഇടിച്ചാണു നിന്നത്. ഹരിപ്പാടുനിന്നു കോട്ടയത്തേക്കുള്ളതായിരുന്നു കെഎസ്ആർടിസി ബസ്. ഇതിലെ യാത്രക്കാർക്കും നിസ്സാര പരുക്കുണ്ട്. 

KTM-Accident തുരുത്തിയിൽ അപകടത്തിൽ തകർന്ന സ്വകാര്യ ബസ്.

ബസ് പാഞ്ഞുവരുന്നതു കണ്ട് ഓടിമാറുന്നതിനിടെയാണ് ഇത്തിത്താനം മലകുന്നം സ്വദേശിനി കനകലത (52) ഓടയിൽ വീണതെന്നു പൊലീസ് പറഞ്ഞു. മഴയെത്തുടർന്നു റോഡിൽ തെന്നലുണ്ടായിരുന്നു. 

ഇതാകാം അപകടകാരണമെന്നു പൊലീസ് പറഞ്ഞു. അര മണിക്കൂർ എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. 

ഡിവൈഎസ്പി: ആർ.ശ്രീകുമാർ, സിഐ: പി.കെ.വിനോദ് എന്നിവരുടെ നേതൃത്വത്തിൽ  പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു ബസുകൾ റോഡിനു സമീപത്തേക്കു തള്ളി മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സമീപപ്രദേശങ്ങളിൽനിന്നുള്ള എട്ട് ആംബുലൻസുകളിലും സ്വകാര്യ വാഹനങ്ങളിലുമായിട്ടാണു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

പട്ടിത്താനത്തിനും 

കുറവിലങ്ങാടിനും

ഇടയിൽ 

അപകടങ്ങൾ

കുറവിലങ്ങാട്∙ കനത്ത മഴയിൽ വാഹനങ്ങൾക്കും നിയന്ത്രണം തെറ്റി. എംസി റോഡിൽ പട്ടിത്താനത്തിനും കുറവിലങ്ങാടിനുമിടയിൽ ഇന്നലെ രാവിലെ ഏഴിനും പത്തിനുമിടയിൽ മൂന്നു വാഹനാപകടങ്ങളാണുണ്ടായത്. ആർക്കും പരുക്കില്ല.

വെമ്പള്ളി വടക്കേക്കവലയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതിത്തൂണിൽ ഇടിച്ചു. വടക്കേക്കവലയിലെ ഓട്ടോ സ്റ്റാൻഡിന് സമീപത്താണ് അപകടം. വൈദ്യുതിത്തൂൺ ഒടിഞ്ഞുതൂങ്ങി. 

കുര്യനാട്ടിലും കാർ നിയന്ത്രണംവിട്ടു വൈദ്യുതിത്തൂണിൽ ഇടിച്ചു. ജംക്‌ഷനിൽ പാൽ സൊസൈറ്റിക്കു സമീപമാണ് അപകടം. കാർ യാത്രികർക്കു പരുക്കില്ല.

പട്ടിത്താനം രത്നഗിരി പള്ളിക്കു സമീപം കാറുകൾ കൂട്ടിയിടിച്ചു. കോട്ടയം ഭാഗത്തേക്കുള്ള  കാറിൽ എതിരെവന്ന കാർ ഇടിക്കുകയായിരുന്നു. ഒരു കാർ ഭാഗികമായി തകർന്നു. യാത്രക്കാർക്കു നിസ്സാര പരുക്ക്.

കുറവിലങ്ങാട് മിനി സിവിൽസ്റ്റേഷനു മുൻപിൽ ശനി രാത്രി ഏഴിനു കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്കു പരുക്കേറ്റു. 

പിന്നാലെയാണ് ഇന്നലെ മണിക്കൂറുകൾക്കുള്ളിൽ മൂന്നിടത്തു വാഹനാപകടം. എംസി റോഡ് നവീകരണത്തിനുശേഷം കൂത്താട്ടുകുളം മുതൽ പട്ടിത്താനംവരെ വാഹനാപകടങ്ങളുടെ എണ്ണം ക്രമാതീതമായി. കനത്ത മഴ കൂടി ആരംഭിച്ചതോടെ റോഡിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നു പൊലീസും മോട്ടോർ വാഹന വകുപ്പും പറയുന്നു.