Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിഎസി ലളിതയുടെ ജയിൽ സന്ദർശനം: സിപിഎം വെട്ടിൽ

KPAC Lalitha

തൃശൂർ∙ കെപിഎസി ലളിത വീണ്ടും സിപിഎമ്മിനെ വെട്ടിലാക്കി. പാർട്ടി സമ്മേളനങ്ങൾ തുടങ്ങിയ സമയത്തു ലളിത ജയിലിൽ ദിലീപിനെ സന്ദർശിച്ചതാണ് പാർട്ടിക്കു തലവേദനയായത്. വടക്കാഞ്ചേരിയിൽ ലളിതയെ പാർട്ടി സ്ഥാനാർഥിയായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രാദേശികമായി ശക്തമായ എതിർപ്പ് വന്നതോടെ മാറ്റേണ്ടിവന്നു. ലളിതയ്ക്കു അവർ താമസിക്കുന്ന വടക്കാഞ്ചേരിയിലെ പാർട്ടി നേതൃത്വവുമായി ബന്ധമില്ല എന്നതായിരുന്നു പ്രധാന ആരോപണം.

പാർട്ടി കീഴ്ഘടകങ്ങളെ മറി കടന്നു ലളിതയെ സ്ഥാനാർഥിയാക്കുന്നതിലുള്ള എതിർപ്പും ശക്തമായിരുന്നു. മന്ത്രി എ.സി. മൊയ്തീനായിരുന്നു അന്നു ലളിതയെ സ്ഥാനാർഥിയാക്കാൻ പ്രധാനമായും ശ്രമം നടത്തിയത്. എന്നാൽ മൊയ്തീൻ വടക്കാഞ്ചേരിയോടു തൊട്ടു കിടക്കുന്ന കുന്നംകുളത്തു മത്സരിക്കുമെന്നു വന്നതോടെ അദ്ദേഹം ലളിതാ വിവാദത്തിൽനിന്നും പിന്മാറി. സ്വാഭാവികമായും വടക്കാഞ്ചേരിയിൽ പുതിയ സ്ഥാനാർഥി വരികയും ചെയ്തു.

പീഡിപ്പിക്കപ്പെട്ട നടിയെ കാണുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാൻ തയാറാകാത്ത ലളിത കേസിലെ പ്രതിയായ ദിലീപിനെ കണ്ടതു പാർട്ടി വനിതാ നേതാക്കളിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പോലുള്ളൊരു സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് ഇത്തരം പരസ്യ നിലപാടെടുത്തതിൽ സാംസ്കാരിക രംഗത്തുള്ള എതിർപ്പും ശക്തമാണ്. ദിലീപുമായി വ്യക്തി ബന്ധമുണ്ടെങ്കിലും ഇത്തരമൊരു പദവിയിൽ ഇരിക്കുമ്പോൾ അതു കാണിക്കേണ്ടതില്ലെന്നു സാംസ്കാരിക നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇരയ്ക്കു പകരം വേട്ടക്കാർക്കൊപ്പമാണു ലളിത നിന്നതെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണവും പാർട്ടിക്കു തലവേദനയുണ്ടാക്കുന്നുണ്ട്.

പാർട്ടി അനുഭാവികൾ പോലും ഇത്തരം സന്ദേശങ്ങൾ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ കൈമാറുന്നു. വടക്കാഞ്ചേരിയിൽ സിപിഎം നേതാവു പീഡനക്കേസിൽ പ്രതിയായപ്പോൾ പാർട്ടി അദ്ദേഹത്തെ പുറത്താക്കിയാണു തടി രക്ഷിച്ചത്. ഇപ്പോൾ സമ്മേളന കാലത്തു ലളിതയുണ്ടാക്കിയ പുലിവാൽ വടക്കാഞ്ചേരി അടക്കമുള്ള മേഖലയിൽ പാർട്ടിയെ കുഴക്കും. പ്രത്യേകിച്ചും വലിയ പദവികൾ ഇടയ്ക്കു കയറി വരുന്നവർക്കു നൽകുന്നതിൽ എതിർപ്പുള്ളവർ പാർട്ടിക്കകത്ത് ഏറെയുള്ളപ്പോൾ.

related stories