Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യേശുദാസിന് ശ്രീപത്മനാഭസ്വാമിക്ഷേത്ര ദർശനത്തിന് ഭരണസമിതിയുടെയും അനുമതി

kj-yesudas

തിരുവനന്തപുരം∙ ഗായകൻ കെ.ജെ.യേശുദാസിന് ശ്രീപത്മനാഭസ്വാമിക്ഷേത്ര ദർശനം നടത്താൻ ഭരണസമിതിയുടെയും അനുവാദം. ഹിന്ദുവിശ്വാസിയായ തനിക്കു ശ്രീപത്മനാഭസ്വാമിയെ ദർശിക്കാൻ അനുമതി നൽകണമെന്നഭ്യർഥിച്ച് അദ്ദേഹം സമർപ്പിച്ച സത്യാവാങ്മൂലം ഭരണസമിതി അംഗീകരിച്ചു.

ഭരണസമിതിയുടെ അനുവാദം ലഭിച്ച സ്ഥിതിക്ക് ദർശനം നടത്തുന്ന തീയതി യേശുദാസിനു തീരുമാനിക്കാം. സൂര്യ ഫെസ്റ്റിവലിനു മുന്നോടിയായി തലസ്ഥാനത്തെത്തുന്ന യേശുദാസ് ഇതിനടുത്ത ദിവസങ്ങളിൽ ദർശനം നടത്തുമെന്നാണു സൂചന. തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാളിന്റെ ‘പത്മനാഭശതകം’ ആലപിക്കാൻ യേശുദാസ് ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ അതിനു സൗകര്യമൊരുക്കുന്ന കാര്യം പിന്നീട് പരിഗണിക്കും.

ക്ഷേത്രത്തിന്റെ ഭരണഘടന അനുസരിച്ചുള്ള ദർശനം മാത്രമേ അനുവദിക്കൂ. പത്നി ഉൾപ്പെടെയുള്ളവരെ യേശുദാസിനൊപ്പം ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കണോ എന്നുള്ള കാര്യത്തിലും പിന്നീടു തീരുമാനമെടുക്കാനാണു യോഗത്തിലുണ്ടായ ധാരണ. അതേസമയം, ഗുരുവായൂർക്ഷേത്ര ദർശനം നടത്തണമെന്ന യേശുദാസിന്റെ ആഗ്രഹം ഇപ്പോഴും ആഗ്രഹം മാത്രമായി അവശേഷിക്കുകയാണ്.

പത്മനാഭശതകം

തിരുവിതാംകൂർ മഹാരാജാവും വിശ്രുത സംഗീതജ്ഞനുമായിരുന്ന സ്വാതിതിരുനാൾ രചിച്ച സാഹിത്യകൃതിയാണു ശ്രീ പത്മനാഭശതകം. പത്മനാഭസ്വാമി സ്തുതിയാണിത്. പത്ത് അധ്യായങ്ങളിലായി പത്തു ശ്ലോകങ്ങൾ വീതം. സംസ്കൃതത്തിലാണു രചന.

തുടക്കം ഇങ്ങനെ: യാ തേ പാദസരോജധൂളിരനിശം ബ്രഹ്മാദിഭിർനിഃസ്പൃഹൈർ– ഭക്ത്യാ സന്നതകന്ധരൈഃ സകുതുകം സന്ധാര്യമാണോ ഹരേ! യാ വിശ്വം പ്രപുനാതി ജാലമചിരാത് സംശോഷയത്യംഹസാ സാ മാം ഹീനഗുണം പുനാതു നിതരാം ശ്രീപദ്മനാഭാന്വഹം (ശ്രീ പദ്മനാഭ! നിസ്സംഗന്മാരും നമ്രശിരസ്കരുമായ ബ്രഹ്മാദികളാൽ കൗതുകത്തോടും ഭക്തിയോടും കൂടി ധരിക്കപ്പെടുന്നതും ഈ വിശ്വത്തെ പാലിക്കുന്നതും പാപസമൂഹത്തെ നശിപ്പിക്കുന്നതുമായ പാദപദ്മധൂളി ഗുണരഹിതനായ എന്നെ എല്ലായ്പ്പോഴും രക്ഷിക്കട്ടെ.) അവലംബം: ഡോ. വി.എസ്.ശർമയുടെ ശ്രീ സ്വാതിതിരുനാൾ ജീവിതവും കൃതികളും.