Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിക്കു ബദൽ; പിണറായിയെയും കോടിയേരിയെയും തള്ളി കാനം

Kanam Rajendran

കൊല്ലം ∙ ബിജെപിക്കു ബദൽ കോൺഗ്രസ് അല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വാദത്തിനു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ തിരുത്ത്. പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ അനുസ്മരണ സമ്മേളനത്തിലാണു കാനത്തിന്റെ എതിർവാദം.

കാനം പറഞ്ഞത്

മുഖ്യശത്രു ആരെന്ന കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്കു കൂടുതൽ ചിന്തയുടെയോ ചർച്ചയുടെയോ കാര്യമില്ല. ബിജെപിയും ആർഎസ്എസുമാണു മുഖ്യശത്രു. ഇവരെ എതിർക്കാൻ ഇടതുപക്ഷത്തിന് ഒറ്റയ്ക്കു കഴിയില്ല. ബിജെപിയെ എതിർക്കാൻ മുൻധാരണകൾ മാറ്റിവച്ചു മതേതര ജനാധിപത്യ കക്ഷികളുടെയും രാഷ്ട്രീയത്തിനു പുറത്തുനിൽക്കുന്നവരുടെയും ജനകീയ ഐക്യം കെട്ടിപ്പടുക്കുകയാണ് ആവശ്യം. ചിലർക്ക് ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. അവരും കമ്യൂണിസ്റ്റ് പാർട്ടി ചിന്തിക്കുന്ന വഴിയെ വരും. പഴയ ചിന്തയുമായി മുന്നോട്ടു പോയാൽ ജനാധിപത്യ സംവിധാനം ദുർബലമാകും. ഒരിക്കലും യോജിക്കില്ലെന്നു കരുതിയവർ യോജിച്ച ചരിത്രം ലോകത്തേറെയുണ്ട്.

പിണറായി പറഞ്ഞത്

ബിജെപിക്കു ബദൽ കോൺഗ്രസ് അല്ല. ആഗോളവൽകരണ നയങ്ങൾക്കെതിരെയും വർഗീയതയ്ക്കെതിരെയും ശക്തമായ നിലപാടു സ്വീകരിക്കുന്നവരുടെ യോജിപ്പാണു രാജ്യത്തിന് ആവശ്യം. കോൺഗ്രസ് സ്വീകരിച്ച ജനദ്രോഹ നയങ്ങളാണു ബിജെപിക്ക് അധികാരത്തിലെത്താൻ അവസരമുണ്ടാക്കിയത്.

കോടിയേരി പറഞ്ഞത്

കോൺഗ്രസ് ഉൾപ്പെടെയുള്ളവരുമായി ചേർന്നു മഹാസഖ്യമുണ്ടാക്കിയതുകൊണ്ടു ബിജെപിയെ തോൽപിക്കാൻ സാധിക്കില്ല. (ഇരുവരും കഴിഞ്ഞ ദിവസം കോഴിക്കോട് കേളുഏട്ടൻ പഠനകേന്ദ്രം സംഘടിപ്പിച്ച സെമിനാറിൽ പറഞ്ഞത്)

related stories