Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശനം പ്രതിരോധിക്കാനാവുന്നില്ലെന്ന് ബിജെപി ശില്‍പശാലയിൽ വിമർശനം

BJP

കൊച്ചി ∙ ബിജെപിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ വേണ്ടവിധം പ്രതിരോധിക്കാൻ പാർട്ടി ഔദ്യോഗിക വക്താക്കൾക്കു സാധിക്കുന്നില്ലെന്നു വിമർശനം. ബിജെപി വക്താക്കൾക്കും ഉന്നത നേതാക്കൾക്കുമായി സംഘടിപ്പിച്ച ശില്‍പശാലയിലാണു വിമർശനമുയർന്നത്.

കോഴ വിവാദം, അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം എന്നിവയെത്തുടർന്നു പാർട്ടിക്കും നേതാക്കൾക്കുമെതിരെ നിശിതമായ വിമർശനവും ആക്ഷേപവുമാണുണ്ടായത്. സംസ്ഥാനത്തു പാർട്ടി നിഷ്ക്രിയമല്ലെന്നും പ്രവർത്തനം സജീവമാണെന്നും ബോധ്യപ്പെടുത്താൻ വക്താക്കൾക്കു കഴിയണം. കാര്യവിസ്താർ യോജന പോലെ ദേശീയ നേതൃത്വം നിർദേശിച്ച പരിപാടികളിലും വീഴ്ചയുണ്ടായെന്നു വിമർശനമുയർന്നു.

വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാന നേതൃത്വം നല്‍കിയ പട്ടിക കേന്ദ്രം മടക്കിയെന്ന ആക്ഷേപത്തിനു വേണ്ടവിധം മറുപടി നൽകാനായില്ലെന്നു ശില്‍പശാല ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ബിഡിജെഎസുമായി ചില പ്രശ്നങ്ങൾ നിലനില്‍ക്കുന്നുണ്ട്. ചർച്ച ചെയ്തു പരിഹരിക്കാവുന്ന വിഷയങ്ങളേയുള്ളൂ. മുന്നണിയിൽ നിന്നു ബിഡിജെഎസ് വിട്ടുപോയിട്ടില്ലെന്നും പ്രകോപനം സൃഷ്ടിക്കുന്ന പ്രസ്താവനകളിൽ നിന്ന് അകലം പാലിക്കണമെന്നും കുമ്മനം പറഞ്ഞു. ഒ. രാജഗോപാൽ എംഎൽഎ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ജെ.ആർ. പത്മകുമാർ, എം.എസ്. കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.