Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാമ്യത്തിനായി ദിലീപ് മൂന്നാം വട്ടം െഹെക്കോടതിയിൽ; 26നു മാറ്റി

dileep-actress-attack

കൊച്ചി ∙ യുവനടിയെ ഉപദ്രവിച്ചതിന്റെ ഗൂഢാലോചനക്കേസിൽ പ്രതിയായ നടൻ ദിലീപ് ഹൈക്കോടതിയിൽ മൂന്നാംവട്ടം ജാമ്യഹർജി നൽകി. മുൻപു ജാമ്യഹർജി നൽകിയപ്പോഴുള്ള സാഹചര്യങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്നറിയിക്കാൻ പ്രോസിക്യൂഷനോടു കോടതി നിർദേശിച്ചു. ഹർജി 26–ലേക്കു മാറ്റി. അന്വേഷണം കാര്യമായി മുന്നോട്ടുപോയെന്നും ഇനിയും കസ്റ്റഡിയിൽ വയ്ക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി.

ഒരുപാടു സിനിമാ പ്രോജക്ടുകളിൽ ഉൾപ്പെട്ടിരുന്ന സാഹചര്യത്തിലായിരുന്നു അറസ്റ്റ്. 50 കോടിയോളം രൂപ ബജറ്റുള്ള ചിത്രങ്ങൾ പ്രതിസന്ധിയിലാണ്. തനിക്കെതിരെ ആരോപിച്ചിട്ടുള്ള ഗൂഢാലോചന, കോടതിയിൽ നേരത്തേ നൽകിയ അന്തിമ റിപ്പോർട്ടിൽ പറയുന്ന ഗൂഢാലോചനക്കഥയ്ക്കു വിരുദ്ധമാണ്. നടിയോ മറ്റു സാക്ഷികളോ തനിക്കെതിരെ സംശയമുന്നയിച്ചിട്ടില്ല.

പൊലീസ്, രാഷ്ട്രീയ ഉന്നതരുമായി അടുപ്പമുള്ള പരസ്യചിത്ര സംവിധായകനു തന്നോടു വിരോധമുണ്ടെന്നും തന്നെ കുടുക്കിയതിൽ പങ്കുണ്ടെന്നും ഹർജിക്കാരൻ ആരോപിച്ചു. കേസ് റജിസ്റ്റർ ചെയ്തപ്പോൾ മുതൽ താൻ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നോ സ്വാധീനിച്ചെന്നോ പൊലീസ് ആരോപിച്ചിട്ടില്ല. തെളിവു നശിപ്പിക്കുമെന്ന ആശങ്കയ്ക്കു കാരണമില്ല. പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് അനുസരിച്ച്, നടിയുടെ നഗ്നചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്നാണു തനിക്കെതിരെയുള്ള ആരോപണം.

പരമാവധി 10 വർഷം വരെയാണ് ഈ കുറ്റത്തിനു ശിക്ഷ. ഇത്തരം കേസുകളിൽ അറസ്റ്റിനു ശേഷം 60 ദിവസം കഴിഞ്ഞാൽ അവകാശ ജാമ്യത്തിന് അർഹതയുണ്ട്. ഈയാവശ്യത്തിന് അങ്കമാലി മജിസ്ട്രേട്ട് കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിച്ചതായും ഹർജിയിൽ പറയുന്നു. ഇതിനിടെ, നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ അറസ്റ്റിലുള്ള മൂന്നാംപ്രതി മണികണ്ഠൻ, ആറാംപ്രതി പ്രദീപ് എന്നിവരും ജാമ്യഹർജി നൽകി. കോടതി പിന്നീടു പരിഗണിക്കും.

related stories