Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയോര ഹൈവേ 2019 ലും തീരദേശപാത 2020 ലും പൂർത്തിയാക്കണമെന്നു മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ മലയോര ഹൈവേ 2019 ലും തീരദേശ ഹൈവേ 2020 ലും പൂർത്തിയാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അധികൃതർക്കു നിർദേശം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം രണ്ടു ഹൈവേകളുടെയും നിർമാണ പുരോഗതി വിലയിരുത്തി. കാസർകോട് നന്ദാരപ്പടവു മുതൽ പാറശാല വരെ 1251 കിലോമീറ്ററിലാണു മലയോര ഹൈവേ പണിയുന്നത്. പദ്ധതിക്കു 3500 കോടി രൂപ കിഫ്ബിയിൽ നിന്നു ലഭ്യമാക്കാൻ അനുമതി നൽകിയിട്ടുണ്ട്.

ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെ മലയോര ഹൈവേ കടന്നുപോകും. ആദ്യഘട്ടമായി 13 ജില്ലകളിൽ 25 റീച്ചുകളിലെ നിർമാണം ഈ വർഷം ആരംഭിക്കും. പദ്ധതി രണ്ടുവർഷംകൊണ്ടു പൂർത്തിയാക്കാൻ കഴിയുമെന്നു മരാമത്ത് സെക്രട്ടറി ബിജു പ്രഭാകർ യോഗത്തിൽ അറിയിച്ചു. ഈ പദ്ധതി നടപ്പാക്കുന്നതിനു റോഡ് ഫണ്ട് ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീരദേശ ഹൈവേ മഞ്ചേശ്വരം മുതൽ തിരുവനന്തപുരം ജില്ലയിലെ പൂവാർ വരെ 623 കിലോമീറ്ററിലാണു പണിയുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം തൃശൂർ, മലപ്പുറം, കോഴിക്കോട,് കണ്ണൂർ, കാസർകോട് എന്നീ ഒൻപതു ജില്ലകളിലൂടെ ഹൈവേ കടന്നുപോകും. വല്ലാർപാടം, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളെയും ഒട്ടേറെ ചെറിയ തുറമുഖങ്ങളേയും തീരദേശ ഹൈവേ ബന്ധിപ്പിക്കും.

ദേശീയ പാതയിലെ ഗതാഗത തിരക്കു കുറയ്ക്കുക, പ്രധാന മത്സ്യബന്ധന തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലകളെയും ബന്ധിപ്പിക്കുക, വിനോദസഞ്ചാരം പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു 6500 കോടി രൂപ ചെലവിൽ തീരദേശ ഹൈവേ പണിയുന്നത്. ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ റോഡിന് 5.5 മീറ്ററും ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിൽ ഏഴു മീറ്ററും വീതിയുണ്ടാകും. കിഫ്ബി വഴിയാണു പദ്ധതിക്കുള്ള പണം ലഭ്യമാക്കുന്നത്. സ്ഥലമെടുപ്പു വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. യോഗത്തിൽ മന്ത്രിമാരായ ജി.സുധാകരൻ, ജെ.മേഴ്സിക്കുട്ടിയമ്മ, നാഷനൽ ഹൈവേ ചീഫ് എൻജിനീയർ പി.പ്രഭാകരൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ചീഫ് എൻജിനീയർ ജീവരാജ്, റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് ഡയറക്ടർ വി.വി.ബിനു എന്നിവർ പങ്കെടുത്തു.

related stories