Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാഷ്ട്ര സ്വദേശിയുടെ ബാഗിൽ നിന്ന് വെടിയുണ്ട പിടിച്ചു

കരിപ്പൂർ ∙ മുംബൈയിലേക്കു പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശിയായ വിമുക്ത ഭടന്റെ ബാഗേജിൽനിന്നു നാലു വെടിയുണ്ടകൾ കണ്ടെടുത്തു. മഹാരാഷ്ട്ര നാഗ്പൂർ അനരാവതിലെ രമേശ് വാഡ് ഗോങ്കർ (60) ആണ് അറസ്റ്റിലായത്.

ഇന്നലെ പകൽ 11.40നുള്ള ഇൻഡിഗോ വിമാനത്തിൽ മുംബൈയിലേക്കു പോകാൻ എത്തിയതായിരുന്നു. ചെക്കിങ് കൗണ്ടറിൽ എക്സ്റേ പരിശോധനയിലാണു വിമാനക്കമ്പനിയുടെ സെക്യൂരിറ്റി വിഭാഗം ബാഗേജിൽനിന്നു വെടിയുണ്ടകൾ കണ്ടെടുത്തത്. എസ്എൽആർ റൈഫിളിൽ ഉപയോഗിക്കുന്ന 7.62 എംഎം വരുന്ന മൂന്ന് വെടിയുണ്ടകളും പിസ്റ്റളിൽ ഉപയോഗിക്കുന്ന ഒൻപത് എംഎം ഉള്ള ഒരു ഉണ്ടയുമാണു കണ്ടെടുത്തത്. തുടർന്നു സിഐഎസ്എഫ് പിടികൂടി കരിപ്പൂർ പൊലീസിനു കൈമാറി.

2006ൽ സുബേദാർ മേജർ പദവിയിൽ വിരമിച്ചതാണെന്നും ഇന്നലെ വയനാട് നടവയലിൽ അന്നത്തെ ബാച്ചുകാരുടെ സംഗമം നടന്നുവെന്നും അതിനായി മഹാരാഷ്ട്രയിൽനിന്നു ട്രെയിനിൽ വന്നു വിമാനമാർഗം മടങ്ങാനാണു കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത് എന്നുമാണു മൊഴിയെന്നു പൊലീസ് പറഞ്ഞു. ഉണ്ടകൾ ബാഗിൽ ഉള്ളതു ശ്രദ്ധയിൽപ്പെടാതെയാണു യാത്ര ചെയ്തതെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു.

ആയുധം, സ്ഫോടക വസ്തു പോലുള്ളവ ഒരു കാരണവശാലും വിമാനത്തിൽ കൊണ്ടുപോകാൻ പാടില്ല എന്നതിനാണു വിമാനത്താവളത്തിൽ പിടിയിലായത്. ലൈസൻസ് ഇല്ലാതെ വെടിയുണ്ടകൾ കൈവശം വച്ചു എന്നതിനാണു പൊലീസ് കേസ്. കോടതിയിൽ ഹാജരാക്കുമെന്നു കരിപ്പൂർ എസ്ഐ കെ.ബി.ഹരികൃഷ്ണൻ അറിയിച്ചു.