Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഘുരോഗങ്ങൾക്ക് കുറിപ്പടിയില്ലാതെ മരുന്നു നൽകാൻ ആലോചന

medicine

കോട്ടയം ∙ ലഘുരോഗങ്ങൾക്കു ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുവാങ്ങുന്നത് ഉടൻ നിയമവിധേയമായേക്കും. ഇതു സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) ശ്രമം തുടങ്ങി. ഇതു നടപ്പായാൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ, മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റുകൾക്കു മരുന്നുകളും മാത്രയും തീരുമാനിക്കാം.

പനി, ജലദോഷം, ചുമ, ഗ്യാസ് ട്രബിൾ, അലർജി, ഛർദി തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ, ചിലതരം ഗർഭനിരോധന ഗുളികകൾ, ചെറിയ മുറിവുകളിൽ ഉപയോഗിക്കാനുള്ള ലേപനങ്ങൾ തുടങ്ങിയവയാകും നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കുക. ഇവയെ മെഡിക്കൽ ഷോപ്പിൽ നിന്നു നേരിട്ടു വാങ്ങാവുന്ന മരുന്നുകളുടെ (ഓവർ ദ് കൗണ്ടർ – ഒടിസി) വിഭാഗത്തിലാക്കും. ഡ്രഗ് കൺട്രോളർ ജനറലിന്റെ അധ്യക്ഷതയിൽ 25നു ചേരുന്ന ഡ്രഗ്സ് കൺസൽറ്റേറ്റീവ് കമ്മിറ്റി (ഡിസിസി) ഇക്കാര്യം ചർച്ചചെയ്യും. അനുകൂല തീരുമാനം ഉണ്ടായാൽ വിഷയം കേന്ദ്ര ഉപദേശക സമിതിക്കും തുടർന്ന് ആരോഗ്യ മന്ത്രാലയത്തിനും കൈമാറും. അന്തിമ തീരുമാനം മന്ത്രാലയത്തിന്റേതാണ്. അതേസമയം, നീക്കത്തെ ഡോക്ടർമാരിൽ ഒരു വിഭാഗം ശക്തമായി എതിർക്കുന്നുണ്ട്. 

നിരീക്ഷണം തുടരും

ഫാർമസിസ്റ്റുകൾക്കു മരുന്നുകൾ വിതരണം ചെയ്യാൻ അനുമതി നൽകുമെങ്കിലും ഇതിന്മേൽ കർശന നിരീക്ഷണം ഡ്രഗ് കൺട്രോൾ വകുപ്പു തുടരും. ശക്തിയേറിയ ആന്റി ബയോട്ടിക്കുകൾ, ആസക്തി ഉണ്ടാകുന്ന തരത്തിലുള്ള മരുന്നുകൾ തുടങ്ങിയവ കുറിപ്പടിയില്ലാതെ വിൽക്കാൻ അനുവദിക്കില്ല. എച്ച്, എച്ച് 1 വിഭാഗത്തിലും എക്സ് വിഭാഗത്തിലുമുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കുന്നതും കുറ്റകരമാണ്. 

∙ ലോക ഓവർ ദ് കൗണ്ടർ (ഒടിസി) വിപണികളിൽ ഇന്ത്യയുടെ സ്ഥാനം 11. 

വരുമാനം – 20 ബില്യൺ ഡോളർ.

related stories